കാസർകോട്:കാസർകോട് ജില്ലയിലെ മൊഗ്രാൽപുത്തൂർ ഗ്രാമ പഞ്ചായത്തിലെ വാക്സീൻ വിതരണ കേന്ദ്രത്തിൽ കൂട്ടയടി. പഞ്ചായത്തിന് പുറത്തുനിന്നുള്ളവർക്ക് വാക്സീൻ നൽകിയതിനെച്ചൊല്ലിയാണ് സംഘർഷമുണ്ടായതെന്നാണ് സൂചന. മുസ്ലിം ലീഗ് പ്രവർത്തകരും ഐ .എൻ .എൽ -എൽ. ഡി .എഫ് പ്രവർത്തകരും തമ്മിലായിരുന്നു സംഘർഷം.
പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം ലംഘിച്ചുകൊണ്ട് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നെത്തിയ സ്വന്തക്കാർക്കും ലീഗ് പ്രവർത്തകർക്കും വാക്സിൻ നൽകുന്നതിനെ ഐ. എൻ. എൽ -എൽ.ഡി .എഫ് പ്രവർത്തകർ ചോദ്യം ചെയ്തതോടെ ലീഗ് പ്രവർത്തകർ ഇവരെ ആക്രമിക്കുകയായിരുന്നു. ഇതോടെയാണ് പൊരിഞ്ഞ അടി നടന്നത്. സംഘർഷത്തിൽ ഇരു ഭാഗത്തുള്ളവർക്കും പരിക്കുണ്ട്. മൊഗ്രാൽപുത്തൂർ ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മൊഗ്രാൽപുത്തൂർ സ്കൂളിൽ വച്ച് ഇന്നലെ രാവിലെ അന്യസംസ്ഥാനങ്ങളിൽ പഠിക്കുന്ന കുട്ടികൾക്കും ഉച്ചക്കുശേഷം ഒന്ന്, രണ്ട് വാർഡുകളിലുള്ളവർക്കും വാക്സിൻ നൽകാനായിരുന്നു തീരുമാനം. ഇതുപ്രകാരം പഞ്ചായത്തിലെ പതിനഞ്ച് വാർഡുകളിൽ ഒരു ദിവസം രണ്ട് വാർഡുകൾ എന്ന നിലയിൽ വാക്സിൽ നൽകി പൂർത്തിയാക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ ഇന്നലെ ഒന്ന് രണ്ട് വാർഡുകൾക്ക് പകരം ലീഗിന്റെ ശക്തികേന്ദ്രങ്ങളായ വാർഡുകളിൽ നിന്നും ധാരാളംപേർ വാക്സിൻ എടുക്കാൻ എത്തി എന്നാണ് ഐഎൻഎൽ ആരോപിച്ചത്. ലീഗിന്റെ വൈറ്റ് ഗാർഡ് പ്രവർത്തകരെ ഉപയോഗിച്ചാണ് തീരുമാനം അട്ടിമറിച്ചത് എന്നും ഐ.എൻ.എൽ ആരോപിച്ചു. പഞ്ചായത്തിൽ വാക്സിൻ വിതരണത്തെ ചൊല്ലി ഇത് മൂന്നാം തവണയാണ് സംഘർഷം ഉണ്ടാകുന്നത്.