തൃക്കരിപ്പൂർ: തൃക്കരിപ്പൂരിൽ ആധുനിക രീതിയിൽ പണിയുന്ന മത്സ്യമാർക്കറ്റ് നിർമ്മാണം അവസാന ഘട്ടത്തിൽ. ഓണത്തിന് മുൻപായി ഉദ്ഘാടനം ചെയ്യാനാകുന്ന വിധത്തിൽ നിർമ്മാണ പ്രവൃത്തി ദ്രുതഗതിയിൽ നടന്നുവരികയാണ്. മഴയത്തും, വെയിലത്തും കുട ചൂടിക്കൊണ്ട് മീൻ വിൽപ്പന നടത്തി വന്നിരുന്ന മത്സ്യതൊഴിലാളികളുടെ ദുരിതാവസ്ഥയെ തുടർന്ന്, കാലങ്ങളായുള്ള പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കുമൊടുവിലാണ് മത്സ്യ മാർക്കറ്റ് യാഥാർത്ഥ്യമാകാൻ പോകുന്നത്.
രണ്ടു തട്ടുകളിലായി എൽ ഷെയ്പ്പിൽ നിർമ്മിച്ച കെട്ടിടത്തിന്റെ കോൺക്രീറ്റു വർക്കുകൾ പൂർത്തിയായി. മത്സ്യവിൽപ്പനക്കുള്ള തട്ടുകളുടെയും, ഇലക്ട്രിക്കൽ, പ്ലമ്പിംഗ് പ്രവൃത്തിയാണ് നടന്നു വരുന്നത്. ഏതാനും ദിവസങ്ങൾക്കകം അതും പൂർത്തിയാകും. ടൈൽസും പാകി, പെയിന്റിംഗും നടത്തുന്നതോടെ പണി പൂർത്തിയാകും. മത്സ്യ ലോറികൾക്ക് മാർക്കറ്റിനുള്ളിലേക്ക് കയറിവരാനുള്ള സൗകര്യം തെക്കുഭാഗത്തു കൂടി സാദ്ധ്യമാകുന്ന വിധത്തിലാണ് താഴത്തെ നിലയുടെ നിർമ്മാണം.
അതുപോലെ മലിനജലം ഒഴുക്കിക്കളയാനുള്ള ഡ്രൈനേജ് സൗകര്യവും, പ്രാഥമിക ആവശ്യങ്ങൾക്കുള്ള മൂന്നു മുറികളുമുണ്ട്. യഥേഷ്ടം വായുസഞ്ചാരം ഉണ്ടാകുന്ന വിധത്തിലാണ് നിർമ്മാണം.
ഓണത്തിന് മുൻപ് പുതിയ മാർക്കറ്റ് തുറന്നുകൊടുക്കാനുള്ള നടപടികൾ നടന്നുവരുന്നു. 90 ലക്ഷം രൂപ പഞ്ചായത്തിന്റെ ഓൺ ഫണ്ട് ഉപയോഗിച്ചാണ് മത്സ്യ മാർക്കറ്റ് നിർമ്മാണം നടത്തുന്നത്. രണ്ടു നിലകളിലായി പണിത കെട്ടിടത്തിന്റെ താഴത്തെ നിലയാണ് ആദ്യഘട്ടത്തിൽ തുറന്നുകൊടുക്കുക. നവീന മാതൃകയിലാണ് തൃക്കരിപ്പൂർ മത്സ്യ മാർക്കറ്റ് പണിതിട്ടുള്ളത്.
സത്താർ വടക്കുമ്പാട്,
പ്രസിഡന്റ്, തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത്
ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് ഡി കാറ്റഗറിയിൽ ഉള്ളപ്രദേശമാണ് തൃക്കരിപ്പൂർ പഞ്ചായത്ത്. സ്ഥലപരിമിതി കാരണം ഓട്ടോ സ്റ്റാൻഡിലാണ് ഇപ്പോൾ മത്സ്യ മാർക്കറ്റും പ്രവർത്തിക്കുന്നത്. സാമൂഹ്യ അകലമൊന്നും ഇവിടെ കാണാറില്ല. മത്സ്യ മാർക്കറ്റ് പുതിയ കെട്ടിടത്തിലേക്ക് മാറ്റാനുള്ള നടപടികൾ ത്വരിതപ്പെടുത്തണം.
നാട്ടുകാർ