കാഞ്ഞങ്ങാട്: എടത്തോട് -നീലേശ്വരം റോഡ് വികസനത്തിന്റെ ഭാഗമായുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾ ദ്രുതഗതിയിൽ നടന്നുവരുന്നു. ഇ. ചന്ദ്രശേഖരൻ എം.എൽ.എ റവന്യൂ മന്ത്രിയായിരിക്കെ ഫെബ്രുവരി മാസത്തിൽ വിളിച്ചു ചേർത്ത അവലോകന യോഗത്തിലാണ് റോഡ് കടന്നു പോകുന്ന സ്ഥലങ്ങളിലെ 2.33 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിച്ചത്.
1 24 സ്ഥല ഉടമകളിൽ നിന്നുമാണ് സ്ഥലം ഏറ്റെടുക്കേണ്ടത്. ലാൻഡ് റവന്യൂ തഹസിൽദാർക്കാണ് ഇതിന്റെ ചുമതല. ആറു മാസം കൊണ്ട് ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. റോഡ് കടന്നു പോകുന്ന നീലേശ്വരം പാലത്തിന് കിഴക്കുവശം മുതൽ വള്ളിക്കുന്ന് താലൂക്ക് ആശുപത്രി പരിസരം വരെയുള്ള സ്ഥലമാണ് പ്രധാനമായും ഏറ്റെടുക്കേണ്ടത്. ഇവിടെ സ്ഥിതി ചെയ്യുന്ന ചില കെട്ടിടങ്ങൾ കൂടി ഏറ്റെടുക്കേണ്ടതായിട്ടുണ്ട്. അതിന്റെ മതിപ്പ് വില നിശ്ചയിക്കുന്നതിനുള്ള സാങ്കേതിക തടസ്സങ്ങളാണ് പദ്ധതി വൈകുന്നതിന് കാരണം.
സാധാരണ മൂന്ന് വർഷം വരെ സമയമെടുക്കുന്ന നടപടി എം.എൽ.എ യുടെ ഇടപെടലിനെ തുടർന്നാണ് ആറു മാസം കൊണ്ട് പൂർത്തീകരിച്ച് വരുന്നത്. കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന 18 കിലോമീറ്റർ റോഡിൽ 12 കിലോമീറ്റർ വികസനത്തിന് കിഫ്ബി യിൽ ഉൾപ്പെടുത്തിയാണ് 42 കോടി രൂപ അനുവദിച്ചത്. ഇതിൽ ആറ് കിലോമീറ്റർ ഭാഗം നേരത്തേ തന്നെ വികസിപ്പിച്ചിരുന്നു. 15 മീറ്റർ വീതിയിലാണ് റോഡ് വികസിപ്പിക്കുന്നത്. വളവുകളിൽ 20 മീറ്റർ വീതിയുണ്ടാകും. കാഞ്ഞങ്ങാട്ടെ മലയോര ജനങ്ങൾക്ക് ഏറെ ഉപകാരപ്പെടുന്ന റോഡാണിത്. എടത്തോട് മുതൽ കാലിച്ചാനടുക്കം വരെയുള്ള റോഡാണ് ആദ്യഘട്ടം പൂർത്തിയാക്കിയത്.