കണ്ണൂർ: നഗരത്തിലെ അനധികൃത പാർക്കിംഗിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ കോർപ്പറേഷൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം. കോർപ്പറേഷൻ നിശ്ചയിച്ച പാർക്കിംഗ് കേന്ദ്രങ്ങൾക്ക് പുറമെ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെയാണ് നടപടി. ആദ്യഘട്ടത്തിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ സ്റ്റിക്കർ പതിപ്പിക്കുകയും ഉടമകളിൽ നിന്നും ഫൈൻ ഈടാക്കുകയും ചെയ്യും. രണ്ടാം ഘട്ടത്തിൽ ക്രെയിൻ റിക്കവറി വെഹിക്കിൾ ഉപയോഗിച്ച് നീക്കം ചെയ്തു വാഹനം പിടിച്ചെടുക്കുന്നതിനുമാണ് തീരുമാനം.
എ.കെ.ജി ആശുപത്രിക്ക് പിറകിലുള്ള തളാപ്പ് സ്പിന്നിംഗ് മിൽ റോഡ് അനധികൃത പാർക്കിംഗ് ഒഴിവാക്കുന്നതിന് പൊലീസ് പരിശോധന ശക്തമാക്കും. നിലവിൽ വൺവേ റോഡായ പാമ്പൻ മാധവൻ എ.കെ.ജി റോഡ് ലൈറ്റ് വെഹിക്കിൾ വാഹനങ്ങൾക്ക് എതിർവശത്തു നിന്ന് പ്രവേശനം അനുവദിക്കും. ഡിവൈഡറുകൾക്ക് പെയിന്റടിച്ച് റിഫ്ലക്ടർ വെക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. ധനലക്ഷ്മി ആശുപത്രിക്ക് സമീപത്തെ ജംഗ്ഷനിൽ മിനി ട്രാഫിക് ഐലൻഡ് സ്ഥാപിക്കാനും യോഗത്തിൽ തീരുമാനിച്ചു.
ഓട്ടോ സ്റ്റാന്റുകളിൽ എത്ര ഓട്ടോകൾ പാർക്ക് ചെയ്യാമെന്ന് ബോർഡുകളിൽ എഴുതുകയും അനുവദിച്ച എണ്ണത്തിലധികമുള്ള ഓട്ടോകളുടെ അധിക പാർക്കിംഗ് നിയന്ത്രിക്കാനും തീരുമാനിച്ചിട്ടുണ്ട്. യോഗത്തിൽ മേയർ അഡ്വ. ടി.ഒ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ കെ. ഷബീന, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ മാർട്ടിൻ ജോർജ്, ഷമീമ, പി. ഇന്ദിര, സെക്രട്ടറി ഡി. സാജു, കണ്ണൂർ ടൗൺ പൊലീസ് ഇൻസ്‌പെക്ടർ ശ്രീജിത്ത് കോടേരി, സബ് ഇൻസ്‌പെക്ടർ ടി.വി. ബിജു പ്രകാശ്, ട്രാഫിക് പൊലീസ് എസ്.ഐ മനോജ് വി.വി.കുമാർ, എ.എസ്.ഐ പി.വി. ബാബുരാജൻ, പി.ഡബ്‌ള്യു.ഡി അസിസ്റ്റന്റ് എൻജിനീയർ വി.കെ പ്രദീപൻ, എ.എം.വി.ഐ എം.വി. അഖിൽ, വില്ലേജ് ഓഫീസർ വി.പി. മുനീർ യോഗത്തിൽ പങ്കെടുത്തു.