തൃക്കരിപ്പൂർ: തൃക്കരിപ്പൂർ മിനി സ്റ്റേഡിയം നവീകരണത്തിന്റെ ഭാഗമായി ചുറ്റുപാടുമുള്ള വന്മരങ്ങൾ മുറിച്ചുമാറ്റിത്തുടങ്ങി. ഇന്ത്യൻ താരങ്ങളടക്കം നിരവധി ഫുട്ബാൾ പ്രതിഭകളുടെ വളർച്ചക്ക് നിദാനമായ തൃക്കരിപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ ഉടമസ്ഥതയിലുള്ള ഈ മൈതാനം സംരക്ഷിക്കണമെന്ന കായിക പ്രേമികളുടെ കാലങ്ങളായുള്ള ആവശ്യത്തിന് ശുഭസൂചന നൽകിക്കൊണ്ട് ജില്ലാ പഞ്ചായത്ത് 5 ലക്ഷം രൂപ അനുവദിച്ചതാണ് ആശാവഹമായത് .

ജില്ലാ പഞ്ചായത്ത് മെമ്പറും ഫുട്ബാൾ താരവുമായ എം. മനുവിന്റെ ഇടപെടലിന്റെ ഭാഗമായി അനുവദിക്കപ്പെട്ട ഈ തുക ഉപയോഗിച്ച് മൈതാനം തനത് സ്വാഭാവികത നഷ്ടപ്പെടുത്തുന്ന വൻ മരങ്ങൾ മുറിച്ചുമാറ്റുകയാണ്. തുടർന്ന് സ്റ്റേഡിയത്തിന് ഫെൻസിംഗ്‌ ഒരുക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യം. മുൻ കാലങ്ങളിൽ വർഷത്തിൽ ഒന്നോ രണ്ടോ ഫുട്ബാൾ ടൂർണ്ണമെന്റുകൾ നടന്നു വന്നിരുന്ന ഈ മൈതാനം സംരക്ഷണമില്ലാത്തതിനാൽ നാശത്തിന്റെ വക്കിലാണ്. നിരവധി കായിക പ്രതിഭകളും, കായിക സംഘടനകളുമുള്ള തൃക്കരിപ്പൂരിന്റെ ഈ സ്വത്ത് മികച്ച നിലവാരം പുലർത്തുന്ന ഒരു പുൽമൈതാനമായി ഉയർത്തിക്കൊണ്ടുവരണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.