പയ്യന്നൂർ: കേരള സാഹിത്യ അക്കാഡമിയുടെ 2019 ലെ സമഗ്ര സംഭാവന പുരസ്‌കാരം പി. അപ്പുക്കുട്ടൻ മാസ്റ്റർക്ക് സമർപ്പിച്ചു. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് അന്നൂരിലെ അദ്ദേഹത്തിന്റെ വസതിയിൽ നടന്ന ചടങ്ങ് ടി.ഐ മധുസൂദനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. അക്കാഡമി വൈസ് പ്രസിഡന്റ് ഡോ: ഖദീജ മുംതാസിൽ നിന്ന് അപ്പുക്കുട്ടൻ മാസ്റ്റർ പുരസ്കാരം ഏറ്റുവാങ്ങി. അക്കാഡമി നിർവാഹക സമിതിയംഗം ഇ.പി. രാജഗോപാലൻ അദ്ധ്യക്ഷനായിരുന്നു.
അക്കാഡമി സെക്രട്ടറി കെ.പി. മോഹനൻ, എം.കെ. മനോഹരൻ, ടി.പി വേണുഗോപാലൻ, അഡ്വ. പി. സന്തോഷ് പ്രസംഗിച്ചു.
സാംസ്കാരിക പ്രഭാഷകൻ, സാഹിത്യ നിരൂപകൻ, നാടകപ്രവർത്തകൻ, അദ്ധ്യാപകൻ തുടങ്ങിയ നിലകളിൽ ആറ് പതിറ്റാണ്ട് കാലത്തോളം കേരളീയ സാംസ്കാരിക മണ്ഡലത്തിന് നൽകിയ നിസ്തൂല സംഭാവനകൾ പരിഗണിച്ചാണ് സാഹിത്യ അക്കാഡമി സമഗ്ര സംഭാവന പുരസ്കാരം നൽകി മാസ്റ്ററെ ആദരിച്ചത്. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി, കേരള സംഗീത നാടക അക്കാഡമി സെക്രട്ടറി, സാഹിത്യ അക്കാഡമി അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നീണ്ട കാലത്തെ പൊതു പ്രവർത്തനത്തിന് ശേഷം പ്രായത്തിന്റെ അവശതകൾ കാരണം ഇപ്പോൾ അന്നൂരിലെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയാണ് മാസ്റ്റർ.