വടകര: ദേശീയ പാതയ്ക്ക് സ്ഥലമെടുപ്പായതോടെ എങ്ങോട്ടു പോകണമെന്നറിയാതെ കുടുംബങ്ങൾ. സ്ഥലമെടുപ്പ് നടപടികൾ ദ്രുതഗതിയിൽ നടക്കുന്നതിനിടയിലും പുനരധിവാസം നടപ്പിലാകാത്ത സ്ഥിതി വന്നതോടെ ത്രിശങ്കുവിലായിരിക്കയാണ് പലരും.
അഴിയൂർ വെങ്ങളം ദേശിയ പാത വികസനത്തിന്റെ ഭാഗമായി അഴിയൂർ മുതൽ മൂരാട് വരെ 600 വീടുകളും 2400 കടകളും ഒഴിപ്പിക്കപ്പെടും. ഇതിൽ ഇരുപത് ശതമാനം ആളുകൾ ഇനിയും നഷ്ടപരിഹാരം കിട്ടാനുളള വിവിധ രേഖകൾ സമർപ്പിക്കാൻ കഴിയാതെ പ്രയാസപ്പെടുന്നവരാണ്. നഷ്ടപരിഹാരവും പുനരധിവാസവും നൽകിയശേഷമേ കുടിയൊഴിപ്പിക്കാൻ പാടുള്ളൂ എന്ന നിയമം നിലനിൽക്കെ ഇതൊന്നും നടക്കാതെ എത്രയുംപെട്ടന്ന് ഒഴിപ്പിക്കുക എന്ന സമ്മർദ്ദം കൂടിവരുന്നതായി പരാതി ധാരാളമുണ്ട്. വീടും വർഷങ്ങളായി കച്ചവടം ചെയ്യുന്ന കടയും നഷ്ടപ്പെടുമ്പോൾ പുനരധിവാസം ഉറപ്പാക്കുമെന്ന് പ്രഖ്യാപനം ഉണ്ടെങ്കിലും അതൊക്കെ ഫയലിൽ മാത്രമായിരിക്കുകയാണ്.
ദേശീയ പാത ഒന്നാം ഘട്ടത്തിൽ 12 സെന്റ് സ്ഥലവും വീടും നഷ്ടപെട്ടവരായിരുന്നു മുക്കാളി എൽ പി സ്‌കൂൾ സമീപം താമസിക്കുന്ന പുലകുനി രോഹിണിയുടേത്. അവശേഷിക്കുന്ന മൂന്നു സെന്റ് സ്ഥലത്തെ കൂരയാണ് ഇപ്പോൾ വീണ്ടും നഷ്ടപ്പെടുന്നത്. ഞാൻ ഇനി എങ്ങോട്ടു പോകണമെന്നാണ് രോഹിണി ചോദിക്കുന്നത് നാല് സെന്റ് ഭൂമിയും വീടും മുമ്പ് റോഡ് വികസനത്തിന് പോയപ്പോൾ നിർമ്മിച്ച വീടും ശേഷിച്ച അഞ്ച് സെന്റ് ഭൂമിയും വീണ്ടും നഷ്ടപ്പെടുകയാണ് പിലാവുളളതിൽ കുമാരനും കുടുംബത്തിനും .പുനരധിവാസം സാധ്യമാവുമോ,ഇനി എങ്ങോട്ട് പോകും എന്ന ആശങ്കയിലാണ് ഈ കുടുംബവും.
കച്ചവട സ്ഥാപനങ്ങളും വീടുകളുമായി നിരവധി പേരാണ് കുടിയിറങ്ങേണ്ടിവരുന്നത്. മറ്റു മാർഗ്ഗമില്ലാത്തവർക്ക് പുനരധിവാസം ഉറപ്പാക്കണമെന്ന് ഭൂമിയേറ്റടുക്കൽ നിയമത്തിൽ വ്യവസ്ഥയുണ്ടെങ്കിലും അത് പാലിക്കപ്പെടാതെ പോകുകയാണ്. ലാൻഡ് അക്യുസിഷൻ ഓഫീസുവഴി ലഭിക്കുന്ന നാമമാത്ര തുക കൊണ്ട് വീട് എന്നത് യാഥാർത്ഥ്യമാക്കാനും കഴിയില്ല. കച്ചവടക്കാർക്കും തൊഴിലാളികൾക്കും നഷ്ട പരിഹാരം ഉറപ്പാക്കണമെന്ന വ്യവസ്ഥയിരിക്കെ ജില്ലയിൽ പലയിടത്തും കുടിയൊഴിഞ്ഞു പോകാൻ നിർബന്ധിക്കുന്നതായി വ്യാപാരികൾ പറയുന്നു. കച്ചവടക്കാരുടേയോ തൊഴിലാളികളുടെയോ കണക്കു പോലും ഇതുവരെ ശേഖരിക്കാൻ ലാൻഡ് അക്യുസിഷൻ ഓഫീസുകളിൽ കഴിഞ്ഞില്ലെന്നത് ആശങ്ക ഉയർത്തുകയാണ്. നഷ്ടപെടുന്നവർക്ക് പുനരധിവാസം ഉറപ്പാക്കണമെന്ന് ദേശീയ പാത കർമ്മസമിതി സംസ്ഥാന സമിതി അംഗം പ്രദീപ് ചോമ്പാല, ജില്ലാ കൺവീനർ എ ടി മഹേഷ് എന്നിവർ ആവശ്യപ്പെട്ടു.
കച്ചവടക്കാരുടേയോ തൊഴിലാളികളുടെയോ കണക്കു പോലും ഇതുവരെ ശേഖരിച്ചില്ല