കോഴിക്കോട്: വെളിച്ചം അന്യമായവർക്ക് അക്ഷര വെളിച്ചവുമായി കോഴിക്കോട്ടെ കട്ടാങ്ങൽ സ്വദേശിയായ ഡോ.ബിന്ദു ജയകുമാർ. കേരളത്തിലെ കാഴ്ച പരിമിതർക്കായി പ്രവർത്തിക്കുന്ന 'വിജ്ഞാനദീപം' സോഷ്യൽ മീഡിയ കൂട്ടായ്മയിലൂടെയാണ് കഥയും കവിതയും പത്ര വാർത്തയും ശബ്ദ രൂപത്തിൽ ഈ അദ്ധ്യാപിക എത്തിക്കുന്നത്.
കാഴ്ച പരിമിതരുടെ വായനയെ പരിപോഷിപ്പിക്കുന്നതിനായി ടെലഗ്രാമിൽ ആരംഭിച്ച ആദ്യ സോഷ്യൽ മീഡിയ കൂട്ടായ്മയാണ് വിജ്ഞാനദീപം. മൂർക്കനാട് എസ്.എസ്.എച്ച് സ്കൂളിലെ സോഷ്യോളജി അദ്ധ്യാപികയും സാമൂഹിക പ്രവർത്തകയുമായ ഡോ.ബിന്ദു ജയകുമാർ ഒഴിവുസമയത്താണ് കഥകളും ലേഖനങ്ങളും നോവലുകളും പത്രവാർത്തകളുമെല്ലാം വായിച്ചുകൊടുക്കുന്നത്. അഞ്ഞൂറോളം കാഴ്ച പരിമിതർ ഗ്രൂപ്പിൽ അംഗങ്ങളാണ്.
വലിയ പുസ്തകങ്ങൾ വായിക്കാൻ ഒരാഴ്ചയും പത്രങ്ങളും മാസികകളും വായിക്കാൻ മണിക്കൂറുകളും മതിയെന്ന് ഡോ.ബിന്ദു പറയുന്നു. കാഴ്ച വെല്ലുവിളി നേരിടുന്നവരുടെ ജീവിതം മുൻനിർത്തി ബിന്ദു ജയകുമാർ നിർമാണവും സംവിധാനവും നിർവഹിച്ച ഡോക്യുമെന്ററി 'മയൂഖം' ഏറെ ശ്രദ്ധ നേടിയിരുന്നു. നിരവധി സാമൂഹിക പ്രതിബദ്ധതയുള്ള ഡോക്യുമെന്ററികൾ സംവിധാനം ചെയ്ത ഇവർ 2018ൽ ജെ.സി.ഐ മണാശേരി കമേലിയയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2020-21 വർഷത്തെ ലതിക ടീച്ചർ മെമ്മോറിയൽ ബെസ്റ്റ് ടീച്ചർ അവാർഡും കരസ്ഥമാക്കി. ജെ.സി.ഐ ട്രെയിനർ കൂടിയാണ്. കോഴിക്കോട് മെഡിക്കൽ കോളജിലെ നെഫ്രോളജി അഡിഷണൽ പ്രൊഫസറായ ഡോ. ജയകുമാറാണ് ഭർത്താവ്. മക്കൾ: അതുൽ, ഗൗരി.