sarovaram

@ നഗരപാതകൾക്ക് പുതുമോടി

കോഴിക്കോട് : നഗരത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ സരോവരം ബയോപാർക്കിന് പുതുമോടി വരും. ഇതിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ടൂറിസം മന്ത്രി പി. എ മുഹമ്മദ്‌ റിയാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും പങ്കാളിത്തത്തോടെ സരോവരത്തെ ജൈവ വൈവിധ്യം സംരക്ഷിക്കുംവിധമായിരിക്കും മാസ്റ്റർ പ്ലാൻ.

സ്റ്റേഡിയം ജംഗ്ഷനിലെ ഉൾപ്പെടെ നഗരത്തിലെ വെള്ളക്കെട്ടുകൾ ഒഴിവാക്കാൻ ഇറിഗേഷൻ മന്ത്രി കൂടി പങ്കെടുത്തു കൊണ്ട് ജൂലായ് 15നുള്ളിൽ പ്രത്യേകം യോഗം ചേരും. മാനാഞ്ചിറ-പാളയം-കല്ലായ് -മീഞ്ചന്ത റോഡ് നാലു വരിയാക്കുന്ന കാര്യം ചർച്ച ചെയ്യുന്നതിനായി പ്രദേശത്തെ കച്ചവടക്കാരുടെ യോഗം വിളിക്കും. മൂഴിക്കൽ കാളാണ്ടിത്താഴം റോഡിന് വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്നതിന് നടപടി സ്വീകരിക്കും. സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയിലുൾപ്പെട്ട റോഡുകളുടെ പ്രവൃത്തി അവലോകനം ചെയ്യുന്നതിനും മാനാഞ്ചിറ - വെള്ളിമാട് കുന്ന് റോഡ് വീതി കൂട്ടുന്നത് സംബന്ധിച്ച നടപടികൾ വേഗത്തിലാക്കുന്നതിനും പ്രത്യേക യോഗം വിളിക്കും. വികസന പ്രവർത്തനങ്ങൾക്കാവശ്യമായ സർവേ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ടാസ്‌ക് ഫോഴ്‌സിനെ അനുവദിക്കാൻ റവന്യൂ വകുപ്പിന് കത്ത് നൽകിയതായി മന്ത്രി അറിയിച്ചു. പൂർത്തിയായ ഈസ്റ്റ്ഹിൽ -കാരപറമ്പ് റോഡ്, നടക്കാവ് ക്രോസ് റോഡ്, വെള്ളിപറമ്പ്-മായനാട് റോഡ് എന്നിവയുടെ പ്രവൃത്തികൾ ആഗസ്റ്റ് അവസാനവാരത്തോടെ പൂർത്തിയാക്കും. മീഞ്ചന്ത, മെഡിക്കൽ കോളേജ് ബസ് സ്റ്റാന്റ് എന്നിവയുടെ സാങ്കേതിക തടസങ്ങൾ നീക്കുന്നതിന് നടപടികൾ സ്വീകരിക്കും.

മേയർ ഭവനിൽ നടന്ന യോഗത്തിൽ മേയർ ഡോ. ബീന ഫിലിപ്പ്, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ഡെപ്യൂട്ടി മേയർ സി. പി. മുസാഫർ അഹമ്മദ്, മുൻ എം.എൽ.എ എ. പ്രദീപ്കുമാർ, മുൻ മേയർ ടി. പി ദാസൻ, കോർപറേഷൻ സെക്രട്ടറി കെ. യു. ബിനി, ടൂറിസം മേഖല ജോ. ഡയറക്ടർ സി. എൻ. അനിത കുമാരി, കോർപറേഷൻ സൂപ്രണ്ടിംഗ് എൻജിനിയർ എം. എസ് ദിലീപ്, ഡി.ടി.പി.സി സെക്രട്ടറി സി. പി ബീന തുടങ്ങിയവർ പങ്കെടുത്തു.