കോഴിക്കോട് : പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് കോഴിക്കോട് കോർപ്പറേഷൻ കൗൺസിന്റെ വരവേല്പ്. ഇന്നലെ രാവിലെ 11ന് കൗൺസിൽ ഹാളിൽ ഒരുക്കിയ ചടങ്ങിൽ കൗൺസിലിന്റെ നിവേദനം മേയർ ഡോ.ബീന ഫിലിപ്പ് സമർപ്പിച്ചു. നഗരത്തിലെ വികസനപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സാദ്ധ്യമായ എല്ലാ സഹായവും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുമെന്ന് മന്ത്രി വ്യക്തമാക്കി.
ടൂറിസം രംഗത്ത് സരോവരത്തെ ജൈവവൈവിധ്യം സംരക്ഷിച്ചുകൊണ്ട് സരോവരം രണ്ടാംഘട്ട വികസന പദ്ധതി നടപ്പാക്കും. കോഴിക്കോട് ബീച്ചിലെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് തുറമുഖ വകുപ്പ് മന്ത്രി, ഫിഷറീസ് വകുപ്പ് മന്ത്രി എന്നിവരുമായി കൂടിയാലോചിച്ച് പദ്ധതികൾ ആവിഷ്‌കരിക്കും. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ലിറ്റററി സർക്യൂട്ട് പദ്ധതിയുമായി സംയോജിപ്പിച്ച് വൈക്കം മുഹമ്മദ് ബഷീർ സ്മാരകം നിർമ്മാണത്തിന് നടപടി കൈക്കൊള്ളും. നഗരത്തിലെ റോഡുകളുടെ പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കാനായി 15ന് പ്രത്യേക അവലോകന യോഗം വിളിച്ചുചേർക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്, മുൻ മേയർമാരായ ടി.പി.ദാസൻ, ഒ.രാജഗോപാൽ, എം.എം.പത്മാവതി, സ്ഥിരംസമിതി അദ്ധ്യക്ഷരായ പി.ദിവാകരൻ, പി.സി.രാജൻ, ഡോ.എസ്.ജയശ്രീ, പ്രതിപക്ഷ നേതാവ് കെ.സി.ശോഭിത, കെ.മൊയ്തീൻകോയ, ടി.റെനീഷ് എന്നിവർ ആശംസയർപ്പിച്ചു. കോർപ്പറേഷൻ സെക്രട്ടറി കെ.യു.ബിനി നന്ദി പറഞ്ഞു.