കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്തിൽ കൊവിഡ് വ്യാപനം പിടിവിടാതെ തുടരുമ്പോഴും നിയന്ത്രണങ്ങൾക്ക് പുല്ലുവില. മാനദണ്ഡങ്ങൾ ലംഘിച്ചും ചടങ്ങുകൾ പലതും സംഘടിപ്പിക്കുന്നത് പതിവായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ബസ് വെയ്‌റ്റിംഗ് ഷെഡ് ഉദ്ഘാടനവും കുളം ഉദ്ഘാടനവും നടന്നപ്പോൾ മാനദണ്ഡങ്ങൾ ലംഘിച്ചതിന് മുക്കം പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ ഞായറാഴ്ച ചെറുവാടി സി.എച്ച്.സി പരിസരത്ത് നാല്പതോളം പേർ കൂട്ടംകൂടി ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ സാമൂഹിക അകലം പോയിട്ട്, പലർക്കും മാസ്‌ക് പോലുമുണ്ടായിരുന്നില്ല. മിക്കവർക്കും താടിയ്ക്ക് അലങ്കാരമായിരുന്നു മാസ്‌ക്. 70 വയസിൽ കൂടുതൽ പ്രായമുള്ളവർ പോലും ഉണ്ടായിരുന്നു കൂട്ടത്തിൽ. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എന്നിവരെ കൂടാതെ ആർ.ആർ.ടി അംഗങ്ങളും ഈ പോസ് ചെയ്തവരിൽ ഉൾപ്പെടും
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊവിഡ് രോഗികളുടെ എണ്ണം കൂടുകയാണ് പഞ്ചായത്ത് പരിധിയിൽ. ഒരാഴ്ചയ്ക്കിടയിൽ 118 പേർ പോസിറ്റീവായിട്ടുണ്ട്.