bar

സുൽത്താൻ ബത്തേരി: സമീപ ടൗണുകളിലെ മദ്യവിൽപ്പന ശാലകളും ബാറുകളും അടഞ്ഞതോടെ സുൽത്താൻ ബത്തേരി മന്ദംകൊല്ലിയിലെ ബീവറേജസ് ഔട്ട്‌ലെറ്റിന് മുന്നിലെ ക്യുവിന്റെ നീളം കിലോമീറ്ററുകൾ നീണ്ടു. സമീപകാലത്തൊന്നും ഉണ്ടാകാത്തവിധമുള്ള തിരക്കാണ് ഇവിടെ ഇപ്പോൾ.
കൊവിഡ് വ്യാപനത്തെ തുടർന്നാണ് ബീവറേജസിന്റെ മൂന്ന് ഔട്ട്‌ലെറ്റുകൾ അടച്ചുപൂട്ടിയത്. പുൽപ്പള്ളിയിലെയും അമ്പലവയലിലെയും ഔട്ട്‌ലെറ്റുകളിൽ അയൽ സംസ്ഥാനത്ത്നിന്ന് മദ്യം വാങ്ങാൻ ആളുകൾ എത്തുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്നതിനാലാണ് അടച്ചുപൂട്ടിയത്. ടൗണിൽ കൊവിഡ്‌ ബാധ കണ്ടെത്തിയതോടെയാണ് കൽപ്പറ്റയിലെ ബീവറേജ്‌ഷോപ്പ് അടച്ചത്.
ബത്തേരി, കൽപ്പറ്റ മേഖലകളിൽ ബത്തേരിയിലെ മന്ദംകൊല്ലി ബീവറേജസ്‌ ഷോപ്പും, മാനന്തവാടി മേഖലയിൽ പനമരം, മാനന്തവാടി ഷോപ്പും മാത്രമാണ് പ്രവർത്തിക്കുന്നത്. ഇവിടെയും വൻതിരക്കാണ്.

കൊവിഡ് വ്യാപനത്തിന്റെ രണ്ടാം വരവിന്‌ശേഷം നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ഒറ്റ ദിവസം കൊണ്ട് ജില്ലയിൽ വിറ്റുതീർന്നത് രണ്ട്‌ കോടി രൂപയുടെ മദ്യമാണ്. ശനി, ഞായർ ദിവസങ്ങളിലെ സമ്പൂർണ്ണ ലോക്ഡൗണും, ബാറുകളിലെ മദ്യ വിൽപ്പന നിർത്തിയതും, സമീപ ടൗണുകളിലെ ബീവറേജ് ഔട്ട്‌ലെറ്റുകൾ അടച്ചതുമാണ് ഇപ്പോൾ മന്ദംകൊല്ലിയിൽ തിരക്ക് വർദ്ധിക്കാൻ കാരണം.