വടകര: അഴിയൂർ സ്കൂൾ നവീകരണ പ്രവൃത്തികൾ വൈകാതെ പൂർത്തിയാക്കാൻ കെ.കെ.രമ എം.എൽ.എ വിളിച്ചുചേർത്ത അവലോകന യോഗത്തിൽ തീരുമാനമായി.
കഴിഞ്ഞ സാമ്പത്തികവർഷം സ്‌കൂളിന് പുതിയ കെട്ടിടം പണിയാൻ ഫിഷറീസ് വകുപ്പ് വഴി അനുവദിച്ച നബാർഡ് ഫണ്ടിൽ ഏതാണ്ട് 60 ലക്ഷം രൂപ അവശേഷിക്കുന്നുണ്ട്. കുടിവെള്ളത്തിനായി പുതിയ കിണർ നിർമ്മിക്കാനും സയൻസ് ലാബ് വിപുലീകരിക്കാനും ധാരണയായി. മിനി തീയേറ്റർ സ്ഥാപിക്കുന്നതിനൊപ്പം പരമാവധി ക്ലാസ് റൂമുകൾ സ്മാർട്ട് തലത്തിലേക്ക് ഉയർത്തും.
ചടങ്ങിൽ അഴിയൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ചിത്രകലാ അദ്ധ്യാപകനും സ്റ്റുഡന്റ് പൊലിസ് കേഡറ്റ് സി.പി.ഒ യുമായ രാജീവൻ പൊന്നങ്കണ്ടിയെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ അദ്ധ്യക്ഷയായിരുന്നു. പ്രിൻസിപ്പൽ ഗീത, എച്ച്.എം ഇൻചാർജ് സപ്ന ജൂലിയറ്റ്, പി.ടി.എ പ്രസിഡന്റ് നവാസ് കല്ലേരി തുടങ്ങിയവർ സംബന്ധിച്ചു.