pulikkayam
പുലിക്കയത്ത് ആരംഭിക്കുന്ന കയാക്കിംഗ് സെന്ററിന്റെ പ്രവൃത്തി ഉദ്ഘാടനം ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കുന്നു

കോഴിക്കോട് : മലബാറിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് കരുത്ത് പകരാൻ പുലിക്കയത്ത് കയാക്കിംഗ് സെന്റർ വരുന്നു. പ്രവൃത്തി ഉദ്ഘാടനം ടൂറിസംമന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചു. മലയോര മേഖലയിലെ വിനോദ സഞ്ചാര രംഗത്ത് വലിയ മാറ്റമാണ് കയാക്കിംഗ് സെന്ററിലൂടെ യാഥാർത്ഥ്യമാവുകയെന്ന് മന്ത്രി പറഞ്ഞു.

മലബാർ റിവർ ഫെസ്റ്റിവൽ എന്ന പേരിൽ ലോക വിനോദ സഞ്ചാര ഭൂപടത്തിൽ ഇടംനേടിയ വൈറ്റ് വാട്ടർ കയാക്കിംഗിന് പ്രശസ്തിയാർജിച്ച കേന്ദ്രങ്ങളാണ് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ പുലിക്കയം, കുറുങ്കയം, മീൻതുള്ളിപ്പാറ, അരിപ്പാറ തുടങ്ങിയ സ്ഥലങ്ങൾ. കയാക്കിംഗ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനത്തിനായി 99 ലക്ഷം രൂപയാണ് വിനോദ സഞ്ചാര വകുപ്പ് അനുവദിച്ചത്. ഇതിന്റെ ഭാഗമായി പുലിക്കയത്ത് കയാക്കിംഗ് സെന്ററും മത്സരത്തിന് വേദിയാകുന്ന മറ്റ് സ്ഥലങ്ങളിലെല്ലാം കയാക്കിംഗ് ഇവന്റ് നടത്തുന്നതിനാവശ്യമായ റാമ്പ് ഉൾപ്പെടെയുള്ള വിവിധ സൗകര്യങ്ങളും ഏർപ്പെടുത്തുന്നതിനാണ് ഫണ്ട് വിനിയോഗിക്കുക. റാമ്പ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ മത്സര സമയത്ത് മാത്രം സജ്ജീരിക്കാൻ പറ്റുന്ന വിധത്തിലാണ് നിർമിക്കുന്നത്. ഇതിന്റെ ഭാഗമായി ഒരു പവലിയനും സജ്ജീകരിക്കും. കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് കമ്പനി ലിമിറ്റഡാണ് (കെൽ) നിർമ്മാണ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്.

ലിന്റോ ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ജോർജ് എം. തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അലക്‌സ് തോമസ് ചെമ്പകശേരി, മേഴ്‌സി പുളിക്കാട്ട്, ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ്, വിനോദ സഞ്ചാര വകുപ്പ് മേഖല ജോയിന്റ് ഡയറക്ടർ സി.എൻ.അനിതാകുമാരി തുടങ്ങിയവർ പങ്കെടുത്തു.