കോഴിക്കോട് : മാങ്കാവ് - മേത്തോട്ടുതാഴം റോഡ് വികസനത്തിന്റെ നിർമ്മാണ പ്രവൃത്തിയ്ക്കായി സ്ഥലം വിട്ടു നൽകിയവർക്കും കടകൾ ഒഴിയുന്നവർക്കും തൊഴിലാളികൾക്കും നഷ്ടപരിഹാരം നൽകി.

കളക്ടറേറ്റിൽ ഒരുക്കിയ ചടങ്ങിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ എന്നിവർ ചേർന്ന് ഭൂവുടമകൾക്ക് സ്ഥലമേറ്റെടുപ്പ് രേഖയും നഷ്ടപരിഹാരവും കൈമാറി. മേയർ ഡോ.ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയർ മുസഫർ അഹമ്മദ്, ജില്ലാ കളക്ടർ സാംബശിവ റാവു, ഡെപ്യൂട്ടി കളക്ടർ അനിതകുമാരി, തഹസിൽദാർ പി. രാജീവൻ തുടങ്ങിയവർ സംബന്ധിച്ചു.

നാല്പത് വർഷം മുമ്പ് ആലോചന തുടങ്ങിയിട്ടും ഇതുവരെ സാക്ഷാത്കരിക്കാനാവാതെ നീളുകയായിരുന്നു ഈ റോഡ് വികസനം. മുപ്പതിലേറെ പേരുടെ സ്ഥലം ഏറ്റെടുത്തിരിക്കെ, ഇനി കഴിയുംവേഗത്തിൽ നിർമ്മാണ പ്രവൃത്തി പൂർത്തിയാക്കുകയാണ് ലക്ഷ്യം. 18 മീറ്റർ വീതിയിലാണ് റോഡ് വികസനം. 11 പേർക്ക് ഇതിനകം നഷ്ടപരിഹാരം അനുവദിച്ചു. 114 പേരാണ് രേഖകൾ ഹാജരാക്കിയത്. ഇവരുടെ രേഖകൾ പരിശോധിച്ച് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും. 124 പേർ കൂടി രേഖകൾ ഹാജരാക്കാനുണ്ട്. ഇവർ ജൂലായ് 31നകം സമർപ്പിക്കണം.