കോഴിക്കോട്: നാഷണൽ ഹൈവേ ബൈപാസ് ആറുവരിപ്പാതയായി മാറ്റുന്ന പ്രവൃത്തി അനിശ്ചിതത്വത്തിലാക്കിയ കരാർ കമ്പനിയ്ക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ട സാഹചര്യമാണെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് വ്യക്തമാക്കി. കമ്പനിയെ കരാറിൽ നിന്നു മാറ്റുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ തിരുവനന്തപുരത്ത് യോഗം ചേരുന്നുണ്ട്. കോഴിക്കോട് ആറുവരി ബൈപാസ്, മാഹി ബൈപാസ് പദ്ധതികൾ ഏറെ പ്രാധാന്യത്തോടെയാണ് സർക്കാർ കാണുന്നത്. കേന്ദ്രമന്ത്രിയെ കണ്ടു കാര്യങ്ങൾ ധരിപ്പിക്കാൻ ഡൽഹിയിലേക്ക് വൈകാതെ പോകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാമനാട്ടുകര മുതൽ വെങ്ങളം വരെ 28. 4 കിലോമീറ്ററാണ് ആറുവരിയായി വീതികൂട്ടുക. 2018 ഏപ്രിലിൽ കെ.എം.സി കൺസ്ട്രഷൻ കമ്പനിയുമായി കരാർ ഉറപ്പിച്ച ബൃഹദ് പദ്ധതിയിൽ ഏഴു മേൽപാലങ്ങൾ കൂടി ഉൾപ്പെടും. രണ്ടു വർഷമാണ് കരാർ കാലാവധിയായി നിശ്ചയിച്ചത്. 2020 ൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്കരി നിർമ്മാണോദ്ഘാടനം നിർവഹിച്ച പ്രവൃത്തി ഇനിയും തുടങ്ങിയിട്ടില്ല. കമ്പനിയുടെ അലംഭാവം തന്നെയാണ് ഇതിനു കാരണം.
മഴക്കാലത്ത് ദേശീയപാതയിലെ കുഴികളിൽ പെട്ടുള്ള വാഹനാപകടങ്ങൾ യാത്രക്കാരുടെ മരണത്തിന് വരെ ഇടയാക്കുകയാണ്. നിരവധി തവണ കത്തെഴുതിയിട്ടും പ്രശ്‌നം പരിഹരിക്കാൻ കരാറുകാർ തയ്യാറായില്ല. ഇക്കാര്യത്തിൽ കരാറുകാർക്കെതിരെ നിയമനടപടി സ്വീകരിക്കും.
യോഗത്തിൽ വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, എം.പി മാരായ എം.വി ശ്രേയാംസ് കുമാർ, എം.കെ രാഘവൻ, എം.എൽ.എമാരായ പി.ടി.എ റഹീം, കാനത്തിൽ ജമീല, തോട്ടത്തിൽ രവീന്ദ്രൻ, മേയർ ഡോ.ബീന ഫിലിപ്പ്, ജില്ലാ കളക്ടർ സാംബശിവ റാവു തുടങ്ങിയവർ സംബന്ധിച്ചു.