ഫറോക്ക്: ബേപ്പൂർ മണ്ഡലത്തിലെ വികസന പദ്ധതികൾ സംബന്ധിച്ച് മന്ത്രി പി.എ മുഹമ്മദ് റിയാസ് തദ്ദേശ ഭരണ ജനപ്രതിനിധികളുമായി ചർച്ച നടത്തി. കളക്ടറേറ്റിൽ ഓൺലൈൻ വഴി നടന്ന യോഗത്തിൽ ഉത്തരവാദിത്ത ടൂറിസം മാതൃക പദ്ധതി , നമ്മൾ ബേപ്പൂർ സമഗ്ര പച്ചക്കറി കൃഷി , ബഷീർ അനുസ്മരണം , ബേപ്പൂർ സമഗ്ര വികസന പദ്ധതി എന്നിവ വിശദീകരിച്ചു .
അഞ്ചിന് ഓൺലൈനിൽ മമ്മൂട്ടി, മഞ്ജു വാര്യർ , സച്ചിദാനന്ദൻ ,എം.എൻ കാരശ്ശേരി തുടങ്ങിയവർ പങ്കെടുക്കുന്ന ബഷീർ അനുസ്മരണം ജനകീയമാക്കാൻ മന്ത്രി നിർദ്ദേശിച്ചു.
"നമുക്കൊരുക്കാം നല്ലത് കഴിക്കാം" എന്ന ശീർഷകത്തിൽ നമ്മൾ ബേപ്പൂർ പദ്ധതിയിൽ നടപ്പിലാക്കുന്ന അടുക്കളത്തോട്ടം വിജയിപ്പിക്കാൻ എട്ടിനകം എല്ലാ ക്ലസ്റ്റർ യോഗങ്ങളും ചേരും. 11 ന് ക്ലസ്റ്റർ തല വിത്തിടൽ നടക്കും. മണ്ഡലത്തിലെ വിവിധ മേഖലകളെ കൂട്ടിയിണക്കിയുള്ള സമഗ്ര വികസന പദ്ധതിയ്ക്കായി മാസ്റ്റർ പ്ലാൻ തയ്യാറാക്കി വരുന്നതായി മന്ത്രി പറഞ്ഞു.
ഫറോക്ക് മുനിസിപ്പൽ ചെയർമാൻ എൻ.സി അബ്ദുൽ റസാഖ് അദ്ധ്യക്ഷത വഹിച്ചു.സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതി സംസ്ഥാന മിഷൻ കോ-ഓർഡിനേറ്റർ കെ രൂപേഷ്, കാർഷിക പദ്ധതികൾ കൺവീനർ കെ രാജീവ്,
നമ്മൾ ബേപ്പൂർ പരിപാടികൾ കെ.ആർ പ്രമോദ് എന്നിവർ വിശദീകരിച്ചു. കോഴിക്കോട് കോർപ്പറേഷൻ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. സി രാജൻ സ്വാഗതം പറഞ്ഞു.