psc

കോഴിക്കോട്: ഇടതുമുന്നണിയിലെ ധാരണയനുസരിച്ച് ഐ.എൻ.എല്ലിന് ലഭിച്ച പി.എസ്‌.സി അംഗത്വം 40 ലക്ഷം രൂപയ്ക്ക് വിറ്റു എന്ന ആരോപണവുമായി പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഇ.സി. മുഹമ്മദ്. പാർട്ടി പേരാമ്പ്ര നിയോജകമണ്ഡലം ഭാരവാഹിയായിരുന്ന വി.ടി.കെ അബ്ദുൽ സമദിനെയാണ് പി.എസ്.സി അംഗമാക്കിയത്. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ച പ്രകാരം ആദ്യഗഡുവായി 20 ലക്ഷം രൂപ നേതാക്കൾ കൈപ്പറ്റിയെന്നും ബാക്കി 20 ലക്ഷം ശമ്പളം കിട്ടുന്ന മുറയ്ക്ക് വാങ്ങാനാണ് ധാരണയായതെന്നുമാണ് ഇ.സി മുഹമ്മദിന്റെ ആരോപണം. അതേസമയം, നേതാക്കൾ ആരോപണത്തെ തള്ളി രംഗത്തെത്തി. മുസ്ലിം ലീഗിന്റെ സമ്മർദ്ദത്തിലാണ് ഇ.സി.മുഹമ്മദ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത് എന്നാണ് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രതികരിച്ചത്.

കോഴ വിഷയം കൂടി ഉയർന്നതോടെ പാർട്ടിയിലെ വിഭാഗീയതയ്ക്ക് ആക്കം കൂടി. പാർട്ടിയ്ക്ക് ആദ്യമായി മന്ത്രിസ്ഥാനം ലഭിച്ചതോടെയാണ് വിഭാഗീയതയുടെ പൊട്ടലും ചീറ്റലും പരസ്യമായത്. അതിന് പിന്നാലെയാണ് കോഴ ആരോപണവും ഉയർന്നത്. കാരന്തൂർ മർകസ് ഐ.ടി.ഐയിൽ ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലായിരുന്നു തുക നിശ്ചയിച്ചതെന്നും മറ്റു നിയമനങ്ങളിലും ഈ രീതിയാവാമെന്ന് തീരുമാനിച്ചുവെന്നും മുഹമ്മദ് ആരോപിക്കുന്നു. നേരത്തെ ഐ.എൻ.എല്ലിൽ ലയിച്ച പി.ടി.എ റഹീം എം.എൽ.എയുടെ നേതൃത്വത്തിലുള്ള നാഷണൽ സെക്കുലർ കോൺഫറൻസിന്റെ (എൻ.എസ്.സി) ഭാരവാഹിയായിരുന്നു മുഹമ്മദ്. പാർട്ടിയിൽ അർഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് ആക്ഷേപമുയർത്തുന്ന ഈ വിഭാഗം എൻ.എസ്.സി പുനരുജ്ജീവിപ്പിക്കാനുള്ള നീക്കത്തിലാണ്.

കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന പ്രവർത്തകസമിതി യോഗത്തിൽ ഇരു വിഭാഗവും തമ്മിൽ രൂക്ഷമായ വാക്കേറ്റം നടന്നിരുന്നു. നേതൃത്വം ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നുവെന്ന ആരോപണമാണ് മറുപക്ഷത്തിന്റേത്. മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെയും യോഗത്തിൽ വിമർശനമുയർന്നിരുന്നു. പേഴ്‌സണൽ സ്റ്റാഫ് നിയമനമുൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടിയാലോചനയില്ലെന്നാണ് ആക്ഷേപം.