വടകര: വിദ്യാർത്ഥികൾക്ക് വർഷങ്ങളായി ലഭിച്ചുകൊണ്ടിരുന്ന ഗ്രേസ് മാർക്ക് നിർത്തലാക്കാനുളള തീരുമാനം വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലേക്ക് തള്ളിവിടുകയാണെന്ന് കെ.കെ.രമ എം.എൽ.എ. ഗ്രേസ് മാർക്കുകളുടെ മാനദണ്ഡങ്ങളെക്കുറിച്ചും ശാസ്ത്രീയതയെക്കുറിച്ചും സംവാദമാകാം. എല്ലാ വശങ്ങളും പരിഗണിച്ചുള്ള പുനഃപരിശോധനകളുമാവാം. എന്നാൽ കൊവിഡ് കാലത്തിന്റെ പ്രതിസന്ധികളിലൂടെ കടന്നു പോവുന്ന ഘട്ടത്തിൽ നിലവിലെ ആനുകൂല്യങ്ങൾ കവർന്നെടുക്കുന്നത് ശരിയല്ല. എൻ.എസ്. എസ് , സ്കൗട്ട് ആൻഡ് ഗൈഡ്സ് , ജെ.ആർ.സി, സ്റ്റുഡന്റ് പൊലീസ് , എൻ.സി.സി തുടങ്ങിയ സന്നദ്ധ സംഘടനകൾ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകാപരമായി ഇടപെട്ടിട്ടുണ്ട്. നിലവിൽ വിവിധ സന്നദ്ധ സംഘങ്ങളിൽ അംഗങ്ങളായ വിദ്യാർത്ഥികൾക്ക് നേരത്തെ നൽകിയതു പോലെ ഗ്രേസ് മാർക്ക് നൽകണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.