വടകര: രജതജൂബിലി ആഘോഷത്തിന് തിളക്കമേറ്റി അഴിയൂർ വനിതാ സഹകരണ സംഘത്തിന് സംസ്ഥാന സഹകരണ വകുപ്പിന്റെ 2020 - ലെ ബെസ്റ്റ് പെർഫോമൻസ് അവാർഡ്. മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരത്തിന്റെ തുടർച്ചയാണ് ഈ പുരസ്‌കാരം. നേരത്തെ 2011, 2012 വർഷങ്ങളിൽ സംസ്ഥാന സഹകരണ വകുപ്പിന്റെയും 2013ൽ ജില്ലാ സഹകരണ ബാങ്കിന്റെയും അവാർഡ് ലഭിച്ചിരുന്നു സംഘത്തിന്.

പിണറായി വിജയൻ സഹകരണ വകുപ്പ് മന്ത്രിയായരിക്കം 1997 ൽ ഉദ്ഘാടനം നിർവഹിച്ച സംഘത്തിന് ഇന്നിപ്പോൾ അഴിയൂർ, ഒഞ്ചിയം, ചോറോട്, ഏറാമല പഞ്ചായത്തുകൾ പ്രവർത്തനപരിധിയായുണ്ട്. 66 കോടി രൂപയാണ് പ്രവർത്തന മൂലധനം. കുഞ്ഞിപ്പള്ളിയിലെ പ്രധാന ശാഖയ്ക്ക് പുറമെ കോറോത്ത് റോഡിലും പൂഴിത്തലയിലുമായി രണ്ട് ശാഖകളുമുണ്ട്. സേവനരംഗത്ത് ആധുനിക സംവിധാനത്തോടെ മെഡിക്കൽ ലാബും ഫിസിയോതെറാപ്പി സെന്ററും പ്രവർത്തിച്ചു വരുന്നു. സംഘത്തിലും മറ്റു സ്ഥാപനങ്ങളിലുമായി 30 ജീവനക്കാരാണുള്ളത്.

ഇപ്പോൾ സംഘത്തിൽ പതിനഞ്ചായിരത്തിലേറെ അംഗങ്ങളുണ്ട്. കഴിഞ്ഞ 24 വർഷവും ലാഭത്തിലാണ്. അംഗങ്ങൾക്ക് തുടർച്ചയായി ലാഭവിഹിതം നൽകിവരുന്നതിനൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളും ഏറ്റെടുത്തുവരുന്നു. കൊവിഡ് ദുരിതാശ്വാസ നിധിയിലേക്കും കമ്മ്യൂണിറ്റി കിച്ചണിലേക്കും എഫ്.എൽ.ടി.സി ക്കും മറ്റും സഹായമെത്തിച്ചിരുന്നു.