തിരുവമ്പാടി: കേറ്ററിംഗ് മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ തിരുവമ്പാടി ബെവ്കൊ ഔട്ട് ലെറ്റിനു മുന്നിൽ സംഘടിപ്പിച്ച സമരം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ ഉദ്ഘാടനം ചെയ്തു.
കൊവിഡ് മാനദണ്ഡങ്ങൾ അവഗണിച്ച് മദ്യവില്പന ശാലകൾക്കു മുന്നിൽനൂറു കണക്കിനാളുകൾ കൂട്ടം കൂടി നിൽക്കുമ്പോൾ എല്ലാ നിബന്ധനകളും പാലിച്ച് ഭക്ഷണവിതരണം നടത്താൻ അനുമതിയില്ലെന്നതിന് എത്തിരെയാണ് ഇങ്ങനെ പ്രതിഷേധിക്കുന്നതെന്ന് സംഘടനാ നേതാക്കൾ പറഞ്ഞു. ഓഡിറ്റോറിയങ്ങളുടെ വലിപ്പത്തിനനുസരിച്ച് വിവാഹ ചടങ്ങുകൾക്ക് കേറ്ററിംഗ് നടത്താൻ അനുവദിക്കുക, സഹകരണ സ്ഥാപനങ്ങൾ വഴി കുറഞ്ഞ പലിശ നിരക്കിൽ ലോൺ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അസോസിയേഷൻ മുന്നോട്ടുവെക്കുന്നത്.