കോഴിക്കോട്: കൊവിഡ് മരണ നിരക്കിലെ അട്ടിമറി സംബന്ധിച്ച് ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണമെന്ന് അഡ്വ ടി.സിദ്ദിഖ് എം.എൽ.എ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണമില്ലാത്ത ഐ.സി.എം.ആർ, ഐ.എം.എ സ്ഥാപനത്തിലെ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണം. മരണത്തിലെ ക്രമക്കേടുകൾ തിരുത്തണമെന്നാവശ്യപ്പെട്ട് സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതി ശുപാർശകൾ നൽകിയിട്ടും തിരുത്തിയില്ല.
മരണനിരക്കിലെ അട്ടിമറിയ്ക്ക് പിന്നിലെ ശിൽപ്പി മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ്. മരണത്തിന്റെ ഓഡിറ്റിംഗു പുനഃപരിശോധനയും നടത്താൻ സർക്കാർ തയ്യാറായില്ലെങ്കിൽ കോൺഗ്രസ് നിയമ നടപടിയിലേക്ക് കടക്കുമെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തൂ. വാർത്താസമ്മേളനത്തിൽ ഡി.സി.സി പ്രസിഡന്റ് യു.രാജീവൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പ്രവീൺകുമാർ തുടങ്ങിയവും സംബന്ധിച്ചു.