മുക്കം: വിധവയായ വീട്ടമ്മയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസിൽ പ്രതിക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിള അസോസിയേഷൻ ശനിയാഴ്ച രാവിലെ 10ന് മുക്കം പൊലീസ് സ്റ്റേഷനു മുന്നിൽ സമരം നടത്തും. കഴിഞ്ഞമാസം 30 നാണ് വീട്ടമ്മ അക്രമത്തിനിരയായത്. പരാതിയുടെ അടിസ്ഥാനത്തിൽ മണാശേരിയിലെ വീട്ടിലെത്തി പ്രതിയെ തിരിച്ചറിയുകയും വീട്ടമ്മയുടെ ഫോട്ടോ ഉണ്ടായിരുന്ന ഫോൺ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. എന്നാൽ തുടർനടപടികളൊന്നും ഉണ്ടാവാത്തതിൽ പ്രതിഷേധിച്ചാണ് പൊലീസ് സ്റ്രേഷന് മുന്നിൽ സമരം നടത്താൻ തീരുമാനിച്ചതെന്ന് ജനാധിപത്യ മഹിള അസോസിയേഷൻ മുക്കം മേഖല കമ്മിറ്റി ഭാരവാഹികളായ പി.സാബിറ, പി.ലസിത, എ.എം.ജമീല എന്നിവർ അറിയിച്ചു.