mla
വടകര ജില്ലാ ആശുപത്രിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കെ.കെ രമ എം.എല്‍.എ, ഡി.എം.ഒ എന്നിവരടങ്ങിയ സംഘം സന്ദര്‍ശിക്കുന്നു

വടകര: മണ്ഡലത്തിലെ ആരോഗ്യമേഖലയുടെ സമഗ്ര വികസനത്തിനായി കെ.കെ രമ എം.എൽ.എ ഉന്നതതല യോഗം വിളിച്ചു. വടകര ആശുപത്രി ജില്ലാ ആശുപത്രിയായി ഉയർത്തിയെങ്കിലും ഇതുവരെ താലൂക്ക് ആശുപത്രിയുടെ സ്റ്റാഫ് പാറ്റേണിൽ നിന്ന് മാറിയിട്ടില്ല. ആശുപത്രിയുടെ വിവിധ വിഭാഗങ്ങൾ ഇപ്പോഴും പൂർണമായി പ്രവർത്തിക്കുന്നില്ല.ഇക്കാര്യങ്ങളിൽ സർക്കാരിൽ സമ്മർദം ചെലുത്താൻ യോഗം തീരുമാനിച്ചു. ജില്ലാ ആശുപത്രിയും സംഘം സന്ദർശിച്ചു.പുതിയ കെട്ടിടനിർമാണം ഡിസംബർ അവസാനത്തോടെ പൂർത്തിയാക്കും. ഐസൊലേഷൻ വാർഡിനായി എം.എൽ.എ ഫണ്ട് ഉപയോഗിക്കും.കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചു. ആശുപത്രി വികസനത്തിനായുള്ള കേന്ദ്ര ഫണ്ടായ 98.5 കോടി ലഭ്യമാക്കാൻ ജില്ലാ ആശുപത്രിക്ക് മാസ്റ്റർപ്ലാൻ തയ്യാറാക്കാനും യോഗം തീരുമാനിച്ചു. മടപ്പള്ളി പി.എച്ച്.സിക്ക് അനുവദിക്കപ്പെട്ട ഫണ്ട് ആരോഗ്യകേന്ദ്രത്തിന്റെ കെട്ടിട പുനർനിർമാണത്തിന് ഉപയോഗിക്കാനും ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാനും തീരുമാനമായി. കുന്നുമ്മക്കര സബ്‌സെന്റർ വികസനത്തിന് ഫണ്ടുണ്ടായിട്ടും പ്രവൃത്തി മുന്നോട്ടുപോയിട്ടില്ല. ഇതിന്റെ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കും. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.വി.ജയശ്രീ, ഓർക്കാട്ടേരി സി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ.ഉസ്മാൻ,വടകര ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.കെ അലി, മെഡിക്കൽ ഓഫിസർ ഷിബിൻ, മടപ്പള്ളി മെഡിക്കൽ ഓഫിസർ ഡോ.ഹരീഷ് തുടങ്ങിയവർ പങ്കെടുത്തു.