1
സി. എച്ച് മുഹമ്മദ് കോയ അനാഥ മന്ദിര സമാജം

കോഴിക്കോട്: വെള്ളയിൽ സി.എച്ച് മുഹമ്മദ് കോയ അനാഥ മന്ദിര സമാജത്തിന്റെ ഗേറ്റ് കടന്നാൽ വെളുത്ത ബോർഡിൽ ഇന്ന് അന്നദാനം ചെയ്യുന്നവരുടെ പേരുകൾ കാണാം. സഹജീവികൾക്കായി സ്വജീവിതം പങ്കുവയ്ക്കുന്നവർ. അന്തേവാസികളുടെ തീൻ മേശകൾ ദരിദ്രമാകരുതെന്ന് നിർബന്ധമുളളവർ എന്നുമെത്തുന്നതിനാൽ ഈ കൊവിഡ് കാലത്തും വിശപ്പിന്റെ വിളി അറിഞ്ഞില്ല ഇവിടത്തുകാർ. അതുകൊണ്ടുതന്നെ ചെറിയ ലോകത്തും പ്രതീക്ഷയുടെ കാഴ്ചയിലേക്ക് കിളിവാതിൽ തുറക്കുകയാണ് ഉറ്റവർ അറ്റുപോയ ഈ മനുഷ്യർ.

പല കാരണങ്ങളാൽ അനാഥരായ 23 ഓളം അച്ഛനമ്മമാരാണ് മന്ദിരത്തിലുളളത്. നാടിനെ പ്രതിസന്ധി മൂടിയിട്ടും അനാഥ മന്ദിരത്തിലെ അന്തേവാസികളെ അലട്ടാതിരുന്നത് കൃത്യമായ ആസൂത്രണവും കൂട്ടായ്മയും കൊണ്ടുമാത്രം. എന്ത് പ്രശ്നമുണ്ടായാലും വിളിപ്പുറത്തുണ്ടാവും എല്ലാവരും. കൂട്ടായ പരിശ്രമത്തിലൂടെ എല്ലാത്തിനും പരിഹാരം. നടത്തിപ്പുകാരടക്കം 40 പേരാണ് ഇവിടെയുള്ളത്.

ആദ്യമൊക്കെ അന്നദാനം ചെയ്യുന്നവർക്ക് അന്തേവാസികളുമായി ഇടപഴകാൻ അനുവാദമുണ്ടായിരുന്നു. എന്നാൽ കൊവിഡ് വ്യാപനത്തോടെ പ്രവേശനം നിയന്ത്രിച്ചു. അന്തേവാസികളെല്ലാം പ്രായമുളളവരാണെന്ന് മനസിലാക്കി അന്നദാനം നടത്തുന്നവർ പലരും ഓൺലൈനായാണ് തുക നൽകുന്നത്. കഴിയാത്തവർ ഓഫീസിൽ ഏൽപ്പിക്കും.

കൊവിഡ് രൂക്ഷമായ സമയത്ത് മലബാർ ഹോസ്പിറ്റലുമായി സഹകരിച്ച് ഹോം കെയർ ആയിരുന്നു ചികിത്സാ സൗകര്യം ഒരുക്കിയത്. ഇവിടെയുളളവർ കൊവിഡ് പ്രതിരോധ വാക്സിൻ രണ്ട് ഡോസും എടുത്തു കഴിഞ്ഞു. സ‌ർക്കാരിന്റെ വയോമിത്രം പദ്ധതിയിലൂടെ പ്രത്യേക കരുതലും അന്തേവാസികൾക്ക് ലഭിക്കുന്നു.

1937ൽ കെ. എൻ കുറുപ്പാണ് അനാഥ മന്ദിരത്തിന്റെ സ്ഥാപകൻ. അനാഥരെ കൂടാതെ അമ്മത്തൊട്ടിലായും കുഷ്ഠരോഗം മാറിയവരുടെ പുനരധിവാസ കേന്ദ്രമായും പ്രവർത്തിച്ചു. കുഷ്ഠരോഗം ഭേദമായവർക്ക് താമസ സൗകര്യം ഒരുക്കാൻ സി.എച്ച് മുഹമ്മദ് കോയ രണ്ടര ഏക്കർ സ്ഥലം അനുവദിച്ചതോടെ അനാഥ മന്ദിര സമാജം സി.എച്ച് മുഹമ്മദ് കോയ അനാഥ മന്ദിര സമാജമായി മാറി.

'കൃത്യമായ സംവിധാനവും ആസൂത്രണത്തിലൂടെയുമാണ് പ്രതിസന്ധികളെ അതിജീവിക്കുന്നത്. എല്ലാവരുടെയും കൂട്ടായ പരിശ്രമമാണ് സ്ഥാപനത്തിന്റെ വിജയം. ടി.എ അശോകൻ, മാനേജർ