കോഴിക്കോട്: ഉത്സവ ചന്തകളിൽ ജീവിതം പടുത്തവർ നിത്യവൃത്തിക്ക് വകയില്ലാതെ ഒന്നര വർഷം. ഉത്സവത്തിന് പൊലിമ പകർന്നവരായിരുന്നു പൊരിയും ബലൂണും കളിപാട്ടങ്ങളുമായി നിരന്നിരുന്ന കച്ചവടക്കാർ. കൊവിഡിന്റെ ദുരിത പെയ്ത്തിൽ ഉത്സവങ്ങൾക്കും പ്രദർശനങ്ങൾക്കും പൂട്ടുവീണതോടെ ചന്തകൾ വലിയ കെട്ടുകളായി. പൊരി, കടല, ശർക്കര ജിലേബി, മിഠായികൾ തുടങ്ങി സ്റ്റോക്കുണ്ടായിരുന്ന ഭക്ഷ്യവസ്തുക്കളെല്ലാം നശിച്ചു. വള, മാല തുടങ്ങിയവയെല്ലാം വീടുകളുടെ മൂലയിൽ പൊടിപിടിച്ച് നിറംമങ്ങുകയാണ്.
ഡിസംബർ മുതൽ മേയ് വരെയുളള ഉത്സവകാലം കഴിഞ്ഞാൽ മേളകളും എക്സിബിഷനുകളുമായിരുന്നു വരുമാന വഴി. വർഷത്തിൽ മിക്ക ദിവസങ്ങളിലും കേരളത്തിലും പുറത്തുമായി കച്ചവടം ലഭിച്ചിരുന്നു. ബംഗളൂരു ഫ്ലവർ ഷോ, വയനാട് പൂപ്പൊലി, നിലമ്പൂർ, ഓർക്കാട്ടേരി ചന്ത, വിയ്യൂർ ചന്ത, അയ്യപ്പൻ വിളക്ക് തുടങ്ങിയ പരിപാടികൾക്കെല്ലാം മെച്ചപ്പെട്ട കച്ചവടം ലഭിച്ചിരുന്നതായി ഇവർ പറയുന്നു. കേരളത്തിന് പുറത്ത് തുടർച്ചയായി ഇരുപത് ദിവസത്തോളം കച്ചവടം കിട്ടിയ കാലമുണ്ടായിരുന്നു. കായംകുളം, മധുര, മുംബയ്, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് സാധനങ്ങൾ എടുത്തിരുന്നത്. ജില്ലയിൽ അഞ്ഞൂറിലധികം ആളുകൾ ഈ മേഖലയിൽ തൊഴിലെടുക്കുന്നവരുണ്ട്. തുച്ഛമായ വരുമാനം കൊണ്ടാണെങ്കിലും അന്നത്തിന് മുട്ടില്ലാതെ ജീവിച്ചുപോയവരായിരുന്നു ഇക്കൂട്ടർ. എന്നാൽ കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി കുറച്ചൊന്നുമല്ല ഇവരുടെ ജീവിതത്തെ പിടിച്ചുലച്ചത്. തൊഴിൽ നഷ്ടമായി മാസങ്ങളോളം വീട്ടിലിരുന്നവർ ഒടുവിൽ കക്ക വാരി വിറ്റും ബോർഡിൽ പേരെഴുതിയും വീട്ടുപണി ചെയ്തുമാണ് ജീവിതം തള്ളിനീക്കുന്നത്. ആരോഗ്യ പ്രശ്നങ്ങളുളളവർ ഒരു തൊഴിലും ചെയ്യാനാകാതെ മറ്റുളളവരുടെ കാരുണ്യത്തിൽ വീട്ടിൽ കഴിയുകയാണ്. ക്ഷേമനിധി അനുകൂല്യങ്ങളും ഇവർക്ക് ലഭിക്കുന്നില്ല.
അവകാശങ്ങൾ
നേടാൻ സംഘടന
ഉത്സവം, എക്സിബിഷൻ തുടങ്ങിയ ആഘോഷ പരിപാടികളിൽ കച്ചവടം നടത്തുന്നവരുടെ ക്ഷേമത്തിനായി സംസ്ഥാന തലത്തിൽ കഴിഞ്ഞ ദിവസമാണ് ഉത്സവ വ്യാപാര വ്യവസായ സമിതി രൂപീകരിച്ചത്. സംസ്ഥാന പ്രസിഡന്റായി ബാബു പേരാമ്പ്രയെയും സെക്രട്ടറിയായി ശിവൻ എലത്തൂരിനെയും തെരഞ്ഞെടുത്തു.
ഞാനടക്കം എല്ലാവരും പലതരം തൊഴിലുകൾ ചെയ്താണ് ജീവിക്കുന്നത്. വലിയ ലാഭമൊന്നുമില്ല. ചെറുതെങ്കിലും അന്നന്ന് കഴിഞ്ഞ് പോകാനുളള വക കിട്ടും. ശിവൻ എലത്തൂർ, സംസ്ഥാന സെക്രട്ടറി, ഉത്സവ വ്യാപാര വ്യവസായ സമിതി