പ്രതിരോധ മരുന്ന് 15 ലക്ഷം പേർക്ക്
കോഴിക്കോട്ട് 3 ലക്ഷത്തിലേറെ
കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡാനന്തര അസുഖങ്ങൾക്ക് പുനർജനി പദ്ധതിയിലൂടെ ആയുർവേദ ചികിത്സ തേടിയത് ഏതാണ്ട് 4 ലക്ഷം പേർ.
വൈറസ് ബാധ ഒഴിഞ്ഞുകിട്ടിയവർക്ക് പൂർണ ആരോഗ്യം വീണ്ടെടുക്കാനുള്ള ചികിത്സാ രീതിയാണ് പുനർജനിയുടേത്. ക്ഷീണം, ചുമ, ഉറക്കക്കുറവ്, കിതപ്പ് തുടങ്ങിയ ബുദ്ധിമുട്ടുകളാണ് പൊതുവെ പലർക്കും. ഇതിന് അരിഷ്ടം, കഷായം എന്നിവ കൂടാതെ ഗുളികകളും നൽകിവരുന്നുണ്ട്. കോഴിക്കോട് ജില്ലയിൽ 70,000 പേരെ തുണച്ചിട്ടുണ്ട് പുനർജനി. ജില്ലാ ആയുർവേദ ആശുപത്രിയിൽ കൊവിഡാനന്തര ആരോഗ്യ പ്രശ്നമുള്ളവരുടെ ചികിത്സയ്ക്കായി പ്രത്യേക വാർഡുണ്ട്.
സംസ്ഥാനത്ത് ആകെ 15 ലക്ഷം പേർക്കാണ് പ്രതിരോധ മരുന്നുകൾ നൽകിയത്. ജില്ലയിൽ മാത്രം 3 ലക്ഷത്തിലധികം പേരാണ് പ്രതിരോധ മരുന്നുകൾ കഴിച്ചത്.
കാറ്റഗറി എ വിഭാഗത്തിൽപ്പെട്ട കൊവിഡ് രോഗികളെ ചികിത്സിക്കുന്ന 'ഭേഷജം" പദ്ധതിയിലൂടെ ഏതാണ്ട് 3 ലക്ഷം പേർ ഇതിനകം ചികിത്സ തേടി. ജില്ലയിൽ ഇരുപതിനായിരത്തോളം പേരും. ക്വാറന്റൈനിൽ കഴിയുന്നവർക്ക് 'കൂടെ" പദ്ധതി വഴി ഡോക്ടർമാർ സൗജന്യ ടെലി കൗൺസലിംഗും നൽകുന്നുണ്ട്.
ഹോമിയോ ചികിത്സ
തേടിയത് 1121 പേർ
കൊവിഡ് ഹോമിയോ റെസ്‌പോൺസ് സെല്ലിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ പ്രവർത്തനവും ജില്ലയിൽ ഊർജ്ജിതമാണ്. 1121 പേർ ഇതിനകം കൊവിഡാനന്തര ഹോമിയോ ചികിത്സ തേടി. കൊവിഡിൻെറ രണ്ടാം വരവിൽ 24,59,231 പേർക്ക് പ്രതിരോധ മരുന്ന് നൽകിയതായി ഹോമിയോ ഡി.എം.ഒ ഡോ.കവിത പുരുഷോത്തമൻ പറഞ്ഞു.
ജില്ലയിലെ ആശുപത്രികളിലും ഡിസ്‌പെൻസറികളിലും പ്രത്യേക ചികിത്സാകേന്ദ്രങ്ങളുണ്ട്. ഹോമിയോ മുഖ്യമായും കൊവിഡ് പ്രതിരോധത്തിനാണ് ഊന്നൽ നൽകുന്നത്. ആർസനിക് ആൽബം 30 സി എച്ച് എന്ന മരുന്നാണ് ഇതിന് ഉപയോഗിക്കുന്നത്. കൊവിഡ് രോഗബാധ കുറയ്ക്കാൻ ഇത് ഏറെ സഹായകമാണ്. ഇനി അഥവാ രോഗം പിടിപെട്ടാൽ തന്നെ തീവ്രത കുറവായിരിക്കും. ഹോമിയോ ഡിസ്‌പെൻസറികളിലൂടെയും സന്നദ്ധ പ്രവർത്തകർ മുഖേനയും കൊവിഡിന്റെ തുടക്കത്തിലെന്ന പോലെ രണ്ടാം തരംഗവേളയിലും മരുന്ന് വിതരണം ചെയ്‌തിരുന്നു.
ചികിത്സ
1296
ആയുർ രക്ഷാ
ക്ലിനിക്കുകളിലൂടെ
''ജില്ലയിലെ 90 ആയുർവേദ ഡിസ്‌പെൻസറികളിലുമുണ്ട് ആയുർ രക്ഷാ ക്ലിനിക്ക്. മൂന്നാം തരംഗത്തെ നേരിടാനുള്ള ഒരുക്കങ്ങളെന്ന പോലെ പ്രതിരോധ പ്രവർത്തനവും ഊർജിതമായി നടന്നുവരുന്നു.
ഡോ.പ്രീത
ഡി.എം.ഒ (ആയുർവേദം)