ration

കോഴിക്കോട്: നാടിന്റെ വിശപ്പകറ്റാൻ സർക്കാർ നൽകുന്ന ഭക്ഷ്യക്കിറ്റ് പരാതിയില്ലാതെ വിതരണം ചെയ്തിട്ടും കമ്മീഷൻ നൽകുന്ന കാര്യത്തിൽ 'കടക്ക് പുറത്ത് ' നയം. ജില്ലയിലെ റേഷൻ വ്യാപാരികൾക്ക് കിറ്റിൻമേൽ ലഭിക്കേണ്ട കമ്മീഷൻ തുക മുടങ്ങിയിട്ട് 10 മാസമാകുന്നു. തുടക്കത്തിൽ വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിന് 7 രൂപ നിരക്കിൽ കമ്മീഷൻ നൽകിയിരുന്നു. ഓണക്കിറ്റിന് 5 രൂപയും നൽകി. എന്നാൽ പിന്നീട് ഇന്നുവരെ കമ്മീഷൻ നൽകിയിട്ടില്ല. നിലവിൽ പത്താമത്തെ കിറ്റാണ് വിതരണം ചെയ്യുന്നത്. കൊവിഡിന്റെ ആദ്യഘട്ടത്തിൽ മറ്റ് പോരാളികളെ പോലെ ജീവൻ പണയം വച്ച് ജോലി ചെയ്തവരാണ് റേഷൻ വ്യാപാരികൾ. ഇതിനിടെ നിരവധി പേർ രോഗബാധിതരായി. ചിലർ മരിച്ചു. എന്നിട്ടും നാടിനൊപ്പം നിന്നു. പട്ടികയിൽ കമ്മീഷൻ തുക മുടങ്ങിയ കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടികളൊന്നും ഉണ്ടായില്ലെന്ന് വ്യാപാരികൾ പറയുന്നു.

മിക്ക റേഷൻ കടകൾക്കും രണ്ട് മുറികളാണ് ഉളളത്. മുൻഗണന വിഭാഗങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യധാന്യങ്ങളും സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യക്കിറ്റും എ.പി.എല്ലുകാർക്കുളള 10 കിലോ അരിയും ഉൾപ്പെടെ സ്റ്റോക്ക് സൂക്ഷിക്കാൻ രണ്ടു മുറികളിലെ സ്ഥലം മതിയാകില്ല. കൂടുതൽ കടമുറി വാടകയ്ക്കെടുത്തും മണ്ണെണ്ണ സൂക്ഷിക്കാൻ പ്രത്യേക സൗകര്യം ഒരുക്കിയും സഹായത്തിന് ഒരാളെ ജോലിക്കു വച്ചുമാണ് പല റേഷൻ കടകളും പ്രവർത്തിക്കുന്നത്. ഇത് അധിക ബാദ്ധ്യതയാണ് വ്യാപാരികൾക്ക് ഉണ്ടാക്കുന്നത്. വൈദ്യുതി ചാർജ് വേറെയും. കടകളിൽ സാധനം ഇറക്കുന്നതിന് ചുമട്ടുതൊഴിലാളികൾക്ക് നൽകേണ്ട കൂലിയും റേഷൻ വ്യാപാരികൾ കണ്ടെത്തണം. അതിനാൽ ഉളളതിൽ മിച്ചംപിടിക്കാൻ വ്യാപാരികൾ തന്നെ ചുമട്ടുകാരാവുകയാണ് പലയിടത്തും. കാലാവധി കഴിഞ്ഞ ഭക്ഷ്യക്കിറ്റ് തിരിച്ചേൽപ്പിക്കുമ്പോൾ കവർ പൊട്ടുകയോ മറ്റോ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ നഷ്ടവും വ്യാപാരികളിൽ നിന്ന് ഈടാക്കും. 45 കിന്റൽ ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന ഒരു വ്യാപാരിക്ക് പ്രതിമാസം കിട്ടുന്നത് പതിനെട്ടായിരം രൂപയാണ്. അതിൽ നിന്ന് കട വാടകയും മുടക്കുമുതലും മറ്റു ചെലവുകളും കഴിച്ചാൽ കൈയിലുണ്ടാവുക തുച്ഛമായ തുക മാത്രം.

 ജില്ലയിൽ ആകെ- 960 റേഷൻ കടകൾ

 വ്യാപാരികൾ - 1800

 പ്രതിമാസ ശമ്പളം - 18,000

പല ഉദ്യോഗസ്ഥൻമാരുടെയും ഗോഡൗൺ തൊഴിലാളികളുടെയും കരാറുകാരുടെയും എൻ.എഫ്.എസ്.എ ജീവനക്കാരുടെയും ഉത്തരവാദിത്വമില്ലായ്മ കാരണം പഴി കേൾക്കേണ്ടി വരുന്നത് റേഷൻ വ്യാപാരികളാണ്. കിറ്റിന് ലഭിക്കേണ്ട കമ്മീഷൻ 10 മാസമായി മുടങ്ങിയിട്ടും വിതരണ കാര്യത്തിൽ പരാതിക്ക് ഇടവരുത്തിയിട്ടില്ല.

ടി മുഹമ്മദാലി, സെക്രട്ടറി, ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ .