പേരാമ്പ്ര: പ്രധാന മലയോരപാതയായ പേരാമ്പ്ര-തനിക്കണ്ടി-ചക്കിട്ടപ്പാറ പൊതുമരാമത്ത് റോഡിന്റെ നവീകരണ പ്രവർത്തി തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ലെന്ന് വ്യാപക പരാതി. കരാറുകാരുടെ അനാസ്ഥ മൂലം റോഡ് ചെളിക്കുളമായതോടെ കാൽനട യാത്രക്കാർ പോലും ദുരിതത്തിലായിരിക്കുകയാണ്. ഒരു വർഷം മുമ്പ് തുടങ്ങിയ റോഡ് പണി ഏതാനും കലുങ്കുകളിൽ ഒതുങ്ങി നിൽക്കുകയാണ്. പകുതി മാത്രം തീർന്ന കലുങ്കുകൾക്കിടയിലൂടെ വാഹനങ്ങളും വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാരും ഏറെ ഭയത്തോടെയാണ് കടന്നു പോകുന്നത്. ഭാഗികമായി തീർത്ത കലുങ്കുകൾക്കടുത്ത് ആവശ്യത്തിന് മണ്ണിട്ട് നിറക്കാത്തതും അപായ സൂചന നൽകി വേർതിരിക്കാത്തതും അപകട ഭീഷണി നിലനിൽക്കുന്നുണ്ട്.
എട്ട് കിലോ മീറ്റർ ദൈർഘ്യമുള്ള പാത 10 കോടിയിലേറെ രൂപ ചിലവഴിച്ചാണ് സംസ്ഥാന സർക്കാർ നവീകരിക്കുന്നത്. വെള്ളപ്പൊക്ക സാദ്ധ്യതയുള്ള പ്രദേശങ്ങൾ ആവശ്യത്തിന് ഉയർത്താതെയാണ് കലുങ്കുകൾ നിർമ്മിച്ചതെന്ന് പ്രദേശവാസികൾക്ക് പരാതിയുണ്ട്. മലയോര ടൂറിസ്റ്റ് പ്രദേശങ്ങളായ പെരുവണ്ണാമുഴി, കരിയാത്തുംപാറ, കക്കയം, ജാനകിക്കാട്, ചക്കിട്ടപാറ, പന്തിരിക്കര തുടങ്ങിയ പ്രദേശങ്ങളിലേക്ക് പേരാമ്പ്രയിൽ നിന്നുള്ള എളുപ്പ വഴിയാണിത്. ആശുപത്രികൾ ഉൾപ്പെടെ ഒട്ടനവധി വിദ്യാലയകളും പൊതു സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന റൂട്ടാണിത്. പേരാമ്പ്ര ബൈപ്പാസ് യാഥാർത്ഥ്യമായാൽ ഈ പാത വഴി മലയോര പ്രദേശങ്ങളിലേക്ക് എത്താൻ കൂടുതൽ എളുപ്പവുമായിരിക്കും.