കോഴിക്കോട്: കോഴിക്കോട് ജില്ല കളക്ടറായി ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ചുമതലയേറ്റു. ഇന്നലെ രാവിലെ പത്തരയോടെ കളക്ട്രേറ്റിലെത്തിയ അദ്ദേഹത്തെ എ.ഡി.എം സി. മുഹമ്മദ് റഫീഖ് പൂച്ചെണ്ട് നൽകി സ്വീകരിച്ചു. സ്ഥാനമൊഴിയുന്ന കളക്ടർ സാംബശിവറാവു അദ്ദേഹത്തിന് ചുമതല കൈമാറി. ഡെപ്യൂട്ടി കളക്ടർമാരായ എൻ.റംല, ഷാമിൻ സെബാസ്റ്റ്യൻ, അനിത കുമാരി, വിവിധ വകുപ്പ് മേധാവിമാർ, ജീവനക്കാർ എന്നിവർ ചേർന്നാണ് കളക്ടറെ സ്വീകരിച്ചത്.
2013 ബാച്ച് ഐ.എ.എസ് ഓഫീസറാണ് ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി. കോട്ടയം അസി.കളക്ടർ, ഇടുക്കി സബ് കലക്ടർ, തിരുവനന്തപുരം കോർപറേഷൻ സെക്രട്ടറി, സിവിൽ സപ്ലൈസ് ഡയറക്ടർ, സഹകരണ വകുപ്പ് രജിസ്ട്രാർ, പത്തനംതിട്ട ജില്ലാ കലക്ടർ പദവികൾ വഹിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശ് കടപ്പ സ്വദേശിയാണ്.