മുക്കം: പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറി വിധവയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ഇനിയും പിടികൂടാത്തതിൽ പ്രതിഷേധിച്ച് മുക്കം പൊലീസ് സ്റ്റേഷനു മുന്നിൽ സ്ത്രീകളുടെ നില്പ് സമരം. ജനാധിപത്യ മഹിളാ അസോസിയേഷൻ മുക്കം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തകരുടെ പ്രതിഷേധ സമരം.
കഴിഞ്ഞ 30 നാണ് പൊലീസ് സ്റ്റേഷന്റെ പരിസരത്തു താമസിക്കുന്ന വിധവയായ വീട്ടമ്മ അതിക്രമത്തിന് ഇരയായത്. അന്നു തന്നെ വീട്ടമ്മ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതാണ്. ഇവരെയും കൂട്ടി പൊലീസ് പ്രതിയുടെ വീട്ടിലെത്തിയപ്പോൾ ആളെ തിരിച്ചറിയുകയും ചെയ്തിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുക്കാത്തതിനെതിരെ പ്രതിഷേധം ഉയർന്നപ്പോഴാണ് അന്വേഷണം ഊർജ്ജിതമാക്കായതെന്നു വരുത്തിയതല്ലാതെ അറസ്റ്റിന് മുതിർന്നില്ലെന്നാണ് ആക്ഷേപം.
പ്രതിയെ ഉടൻ പിടികൂടണമെന്ന ആവശ്യമുയർത്തിയാണ് മഹിളാ അസോസിയേഷൻ പ്രവർത്തകർ സമരത്തിനെത്തിയത്. അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം പി. ലസിത സമരം ഉദ്ഘാടനം ചെയ്തു. എ.എം.ജമീല അദ്ധ്യക്ഷത വഹിച്ചു. കെ.സുന്ദരൻ, പി.സാബിറ, ഷീന, ലളിതമണി എന്നിവർ പ്രസംഗിച്ചു.