കോഴിക്കോട് : കേന്ദ്ര സർക്കാർ സൗജന്യമായി നൽകുന്ന വാക്സിൻ വിതരണത്തിൽ കേരള സർക്കാരിന്റെ വീഴ്ചക്കെതിരെ സംസ്ഥാന വ്യാപകമായി കൊവിഡ് ആശുപത്രികൾക്ക് മുന്നിൽ ഒ.ബി.സി മോർച്ച സംഘടിപ്പിക്കുന്ന പ്രതിഷേധ ധർണയുടെ ജില്ലാ തല ഉദ്ഘാടനം മെഡിക്കൽ കോളേജ് ആശുപത്രി കവാടത്തിൽ ബി.ജെ. പി ജില്ലാ പ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ നിർവഹിച്ചു.
വാക്സിൻ ഉല്പാദനത്തിലും സംഭരണത്തിലും വിതരണത്തിലും രാജ്യം റെക്കോർഡിട്ട് മുന്നേറുമ്പോൾ കേരളത്തിൽ മാത്രം വാക്സിൻ വിതരണം അവതാളത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ വാക്സിൻ രജിസ്ട്രേഷൻ നല്ല നിലയിൽ നടക്കുന്നുണ്ട്.ഇന്നലെ കോഴിക്കോട് ജില്ലയിൽ ഒരിടത്തും വാക്സിൻ വിതരണം നടന്നില്ല.ഓരോ ദിവസവും വൈകുന്നേരം അഞ്ചര മുതൽ പാതിരാത്രിവരെ ഓൺലൈനിൽ പരിശ്രമിച്ച് അവസരം കിട്ടാതെ പരാജയപ്പെടുന്ന സാഹചര്യമാണുളളത്.വാക്സിൻ പക്ഷപാതപരമായി മറിച്ചു നൽകുകയോ,വീതം വെയ്ക്കുകയോ ചെയ്യപ്പെടുന്നുണ്ട് എന്ന സംശയം ബലപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് നാരങ്ങയിൽ ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. സൗത്ത് നിയോജക മണ്ഡലം പ്രസിഡന്റ് സി.പി. വിജയ കൃഷ്ണൻ, എം. പ്രമോദ്, ഒ.രാജൻ, എന്നിവർ പ്രസംഗിച്ചു.