കൊയിലാണ്ടി: സൗദി അറേബ്യയിൽ നിന്ന് മേയ് ഒടുവിൽ എത്തിയ ഊരള്ളൂർ മതോത്ത് മീത്തൽ അഷ്‌റഫിനെ സ്വർണക്കടത്ത് സംഘം തോക്ക് ചൂണ്ടി വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി. ഇന്നലെ കാലത്താണ് സംഭവം. യുവാവ് കാരിയറാണെന്നാണ് വിവരമെന്ന് പൊലീസ് പറഞ്ഞു. ബലം പ്രയോഗിച്ച് കാറിൽ കയറ്റിക്കൊണ്ടു പോയത് കൊടുവള്ളിയിൽ നിന്നുള്ള സ്വർണക്വട്ടേഷൻ സംഘമാണെന്നാണ് നിഗമനം.
വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വടകര റൂറൽ എസ്.പിയുടെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.
രാവിലെ ഏഴു മണിയോടെ അഞ്ചംഗ സംഘം വീട്ടിലേക്ക് ഇരച്ചു കയറി സഹോദരനു നേരെ തോക്ക് ചൂണ്ടി അഷ്‌റഫിനെ വിളിക്കാൻ പറഞ്ഞു. ഉറങ്ങുകയായിരുന്ന അഷ്റഫിനെ വിളിക്കുമ്പോഴേക്കും സംഘം അകത്തേക്ക് കയറി അഷ്റഫിനെ നേരെ തോക്ക് ചൂണ്ടി ഫോൺ തട്ടിയെടുത്തു. നിമിഷങ്ങൾക്കകം പിടിച്ചുപുറത്തേക്കിറക്കി എർട്ടിഗ കാറിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. ബഹളം കേട്ട് അയൽവാസികളും മറ്റും എത്തുമ്പോഴേക്കും സംഘം സ്ഥലം വിട്ടിരുന്നു.
റിയാദിൽ ഡ്രൈവറായ അഷ്റഫ് മേയ് 26 നാണ് നാട്ടിലെത്തിയത്. അടുത്ത ദിവസം തന്നെ ഒരു സംഘം ഊരള്ളൂരിൽ എത്തിയിരുന്നതായി അയൽവാസികൾ പറഞ്ഞു. സ്വർണം നഷ്ടപ്പെട്ടതിന്റെ വിവരങ്ങൾ തേടിയെത്തിയതായിരുന്നു അവരെന്നും മറ്റ് പ്രശ്നങ്ങളില്ലെന്നും എല്ലാം സംസാരിച്ച് തീർത്തുവെന്നുമാണ് അന്ന് അഷ്റഫ് വീട്ടുകാരോടുൾപ്പെടെ പറഞ്ഞിരുന്നത്. ഇന്നലെ എത്തിയതും അതേ സംഘം തന്നെയാണെന്നാണ് സംശയം.