കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ്മപരിപാടികളുടെ ഭാഗമായി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് കേരള ബാങ്ക് ശാഖകൾ വഴി പുതിയ സംരംഭങ്ങൾക്കും കൃഷി ആവശ്യത്തിനുമുള്ള വായ്പകളുടെ വിതരണം വർദ്ധിപ്പിക്കും.
നിർമ്മാണ, വാണിജ്യ, സേവന മേഖലകളിൽ ചെറുകിട - ഇടത്തരം - സൂക്ഷ്മ സംരംഭങ്ങൾ തുടങ്ങുന്നതിനും നിലവിലുള്ളവ വിപുലപ്പെടുത്തുന്നതിനും 8.75 ശതമാനം പലിശനിരക്കിൽ വ്യക്തികൾക്ക് പരമാവധി 60 ലക്ഷവും കമ്പനികൾക്ക് ഒരുകോടി രൂപ വരെയും അനുവദിക്കും. കാർഷിക - കാർഷികാനുബന്ധ സംരംഭങ്ങൾക്കായി 15 വർഷ കാലാവധിയിൽ 60 ലക്ഷം രൂപവരെ ദീർഘകാല കാർഷിക വായ്പയും പ്രവാസി കിരൺ പദ്ധതിയ്ക്ക് 24 ലക്ഷം രൂപ വരെയും നൽകും. കുടുംബശ്രീ, എസ്.എച്ച്.ജി, ജെ.എൽ.ജി വഴി സംരംഭങ്ങൾക്ക് 10 ലക്ഷം രൂപവരെയും അനുവദിക്കും.
ഉത്പാദന - സേവന മേഖലകളിലെ വിവിധോദ്ദേശ്യ പദ്ധതികൾക്കായി ബാങ്ക് നൽകുന്ന കെ.ബി സുവിധ വായ്പയുടെ പലിശ നൂറു ദിന കർമ്മ പരിപാടികളുമായി ബന്ധപ്പെട്ട് 9 ശതമാനമായി കുറച്ചതായും സെപ്തംബർ 9 വരെ ഈ ആനുകൂല്യം ലഭിക്കുമെന്നും കേരള ബാങ്ക് കോഴിക്കോട് റീജിയണൽ ജനറൽ മാനേജർ സി.അബ്ദുൽ മുജീബ് അറിയിച്ചു.