മുക്കം: പൗരന്റെ വിവരാവകാശത്തോട് സംസ്ഥാന ആരോഗ്യ വകുപ്പ് മുഖംതിരിക്കുന്നതായി ആരോപണം. ആവശ്യപ്പെടുന്ന രേഖകൾ നൽകാതിരിക്കുക, അപൂർണമായത് നൽകുക, നൽകുന്ന രേഖകൾ പ്രയാേജനപെടാത്ത വിധം കബളിപ്പിക്കുക എന്നിവ ശീലമാക്കിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്.

അടുത്ത കാലത്ത് വിരമിച്ച ഹെൽത്ത് ഇൻസ്പെക്ടർ വിവരാവകാശ നിയമപ്രകാരം ആരോഗ്യ വകുപ്പിനെ സമീപിച്ചപ്പോൾ നേരിടേണ്ടിവന്നത് ഞെട്ടിക്കുന്ന ദുരനുഭവം. ഇയാൾക്കെതിരെ 2017ൽ ആരംഭിച്ച അച്ചടക്ക നടപടി തീർപ്പാക്കാതെ നീട്ടിക്കൊണ്ടു പോയപ്പോഴാണ് 2019 സെപ്തംബർ 24ന് നടപടി സംബന്ധിച്ച രേഖകൾക്ക് അപേക്ഷിച്ചത്. രേഖകൾ സർക്കാരിലേക്ക് കൊടുത്തതിനാൽ തരാൻ നിർവാഹമില്ലെന്നായിരുന്നു ഡയറക്ടർ ഓഫീസിന്റെ ആദ്യ മറുപടി. ഇതേ വിഷയത്തിൽ 2021 മാർച്ച് അഞ്ചിന് വീണ്ടും അപേക്ഷ നൽകിയെങ്കിലും വ്യക്തതയില്ലെന്നും ഫയൽ സർക്കാരിലാണെന്നും കാണിച്ച് അപേക്ഷ തളളി. വീണ്ടും ഫീസടച്ച് ചലാൻ രസീതടക്കം നൽകിയ അപേക്ഷയിൽ ലഭിച്ചത് ഏതാനും പേജുകൾ മാത്രം. കൂടുതൽ അറിയാൻ ഓഫീസ് സമയത്ത് വന്ന് കുറിച്ചെടുക്കാമെന്ന മറുപടിയും. ഇതിനകം അച്ചടക്ക നടപടി എങ്ങുമെത്താതെ സർവീസിൽ നിന്ന് വിരമിച്ചു. പ്രൊവിഷനൽ പെൻഷൻ പോലും ലഭിക്കാതെയായിരുന്നു ഉദ്യോഗസ്ഥന്റെ പടിയിറക്കം. പരാതിയുണ്ടെങ്കിൽ ഫയൽ ചെയ്യണമെന്ന് കാണിച്ച് ജൂലായ് മാസത്തിൽ നോട്ടീസ് ലഭിച്ചിരുന്നു. എന്നാൽ പരാതി നൽകാൻ രേഖകൾ വേണം. ഡയറക്ടറേറ്റും കോഴിക്കോട് ജില്ലാ ഓഫീസും നൽകിയ വിവരാവകാശ പകർപ്പുകളാവട്ടെ അവ്യക്തവും. ഗത്യന്തരമില്ലാതെ ആരോഗ്യ വകുപ്പ് ഡയറക്ടർക്കും ജില്ലാ ഓഫീസർക്കും വീണ്ടും പരാതി നൽകി കാത്തിരിക്കുകയാണ് ഈ മുൻ ഹെൽത്ത് ഇൻസ്പെക്ടർ.