mt

കോഴിക്കോട്: മലയാളത്തിന്റെ മഹാപ്രതിഭ എം.ടി. വാസുദേവൻ നായർക്ക് ഇംഗ്ളീഷ് ജനനത്തീയതി പ്രകാരം ഇന്ന് 88-ാം പിറന്നാൾ.

പാലക്കാട്, പട്ടാമ്പി, ആനക്കര, കൂടലൂരിൽ ടി. നാരായണൻ നായരുടെയും അമ്മാളു അമ്മയുടെയും നാലു മക്കളിൽ ഇളയവനായി 1933 ജൂലായ് 15നാണ് എം.ടിയുടെ ജനനം. മലയാള മാസത്തിൽ കർക്കടകത്തിലെ ഉതൃട്ടാതി നാളിൽ. ഇതനുസരിച്ച് 29നാണ് പിറന്നാൾ.

ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂണിന്റെ ലോക ചെറുകഥാ മത്സരത്തിൽ ഒന്നാം സമ്മാനം നേടുമ്പോൾ എം.ടി പാലക്കാട് വിക്ടോറിയ ഗവ. കോളേജിൽ ഡിഗ്രി വിദ്യാർത്ഥിയായിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച നോവലുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന 'നാലുകെട്ട്" എഴുതുമ്പോൾ 23 വയസ് മാത്രം.

ജ്ഞാനപീഠം കൈവന്ന എം.ടിക്ക് കേന്ദ്ര സാഹിത്യ അക്കാഡമിയുടേതുൾപ്പെടെ മറ്റു നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 54 സിനിമകൾക്ക് തിരക്കഥ രചിച്ചു. ഏഴ് സിനിമകളുടെ സംവിധായകനുമായി. മികച്ച തിരക്കഥയ്ക്ക് നാലുതവണ ദേശീയ പുരസ്‌കാരവും ലഭിച്ചു.