മുക്കം : നിയന്ത്രണ വിധേയമാകാത്ത കൊവിഡ് വ്യാപനം തദ്ദേശ ഭരണ സ്ഥാപനങ്ങളെ കുഴക്കുന്നു. രോഗ വ്യാപനത്തിനും ടി.പി.ആർ ഉയരാനും കാരണം പ്രതിരോധ പ്രവർത്തനത്തിലെ പോരായ്മയാണെന്ന വിമർശനം പ്രതിപക്ഷം ഉയർത്തുമ്പോൾ പ്രതിരോധം തീർക്കാനുളള പെടാപാടിലാണ് ഭരണ കക്ഷികൾ. കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിൽ യു.ഡി.എഫ് ഭരണത്തിൽ അനാസ്ഥ ആരോപിച്ചാണ് എൽ.ഡി.എഫ് പ്രചാരണ രംഗത്തു വന്നത്. പ്രതിരോധിക്കാൻ മുസ് ലിംലീഗാണ് രംഗത്തുളളത്. പഞ്ചായത്ത് പ്രസിഡന്റുമാരെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ അനുവദിക്കില്ലെന്ന് രണ്ടിടത്തും മുസ്ലിം ലീഗ് യോഗം ചേർന്ന് പ്രഖ്യാപിച്ചു. ഇതിനിടെ ഈ രണ്ടു പഞ്ചായത്തുകളും ഡി കാറ്റഗറിയിൽ ഉൾപ്പെട്ടതിനെ തുടർന്ന് പൊലീസ് പരിശോധനകളും നടപടികളും കർശനമാക്കി. ഇൻസ്പക്ടർ കെ.പി.അഭിലാഷിന്റെ നേതൃത്വത്തിലാണ് നടപടി. ജനമൈത്രി പൊലീസ് എസ്. ഐ പി. അസൈൻ, സി.പി.ഒ. സുനിൽ എന്നിവർ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി. ക്വാറന്റൈൻ ലംഘിച്ചതിന് ഒരാളുടെ പേരിൽ കേസെടുക്കുകയും ചെയ്തു. രോഗികൾ കൂടുന്ന സാഹചര്യത്തിൽ നടപടി തുടരുമെന്നും ജനങ്ങൾ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും പൊലീസ് അറിയിച്ചു .