കോഴിക്കോട്: ഊരള്ളൂരിലെ മതോത്ത് അഷറഫിനെ (37) സ്വർണക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ ശേഷം കാലൊടിച്ച് വഴിയിൽ തള്ളിയ സംഭവത്തിൽ പൊലീസ് ചോദ്യം ചെയ്യൽ തുടരവെ ശബ്ദസന്ദേശത്ത ചൊല്ലി വിവാദം. കൊടി സുനിയുടേതെന്ന പേരിൽ പുറത്തുവന്ന ശബ്ദസന്ദേശം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുമ്പോൾ പൊലീസ് ഭാഷ്യം മറ്റൊന്നാണ്. ശബ്ദം കൊടി സുനിയുടേതല്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിലെ ഉന്നതോദ്യോഗസ്ഥൻ പറയുന്നു.
സ്വർണ്ണകള്ളക്കടത്ത് അന്വേഷിക്കുന്നത് കസ്റ്റംസാണ്. തങ്ങൾ അന്വേഷിക്കുന്നത് പ്രവാസിയെ തട്ടിക്കൊണ്ടുപോയി കാലൊടിച്ച് വഴിയിൽ തള്ളിയ സംഭവമാണ്. അഷ്റഫ് സ്വർണക്കടത്തിലെ കാരിയറാണ്. കൊടുവള്ളി സംഘത്തിന്റെ രണ്ട് കിലോ സ്വർണവുമായാണ് ഇയാൾ കരിപ്പൂരിൽ വിമാനമിറങ്ങിയത്. സ്വർണം ആരോ തട്ടിയെടുത്തുവെന്നാണ് അഷ്റഫ് പറയുന്നതെങ്കിലും ഇതിൽ അയാൾക്ക് കൂടി പങ്കുണ്ടെന്ന സംശയമുണ്ട്. അതാണ് ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയത്. സംഘത്തിലെ മറ്റു രണ്ട് പേരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.
നഷ്ടപ്പെട്ട സ്വർണത്തിന്റെ പേരിൽ ആരെങ്കിലും ഉപദ്രവിക്കുന്നത് ഒഴിവാക്കാൻ തന്റെ ഫോണിൽ വന്ന ശബ്ദസന്ദേശം കൊടുവള്ളി സംഘത്തിന് കൈമാറിയെന്നാണ് അഷ്റഫിന്റെ മൊഴി.
ശബ്ദസന്ദേശം ഇങ്ങനെ: ''കൊയിലാണ്ടിയിലെ അഷ്റഫിന്റെ കൈയിലുള്ള സാധനം നമ്മുടെ കമ്പനിയാ കൊണ്ടുപോയത്. ഇനി അതിന്റെ പിറകെ നടക്കേണ്ട. അറിയുന്ന ആളുകളോട് കാര്യങ്ങൾ പറഞ്ഞു കൊടുത്തേക്ക് ".