1
വീടിന് മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നു

പേരാമ്പ്ര/കുറ്റ്യാടി: ശക്തമായ മഴയിലും കാറ്രിലും ജില്ലയുടെ മലയോര മേഖലകളിൽ വ്യാപക നാശം. മലയോരത്ത് മിക്ക പഞ്ചായത്തുകളിലും കനത്ത നാശമാണ് മഴയും കാറ്റും വരുത്തിയത്.കാർഷിക വിളകൾ നശിച്ചു.വൈദ്യുതി വിതരണം താറുമാറായി. കാവിലുംപാറ, മരുതോങ്കര, കുന്നുമ്മൽ, കായക്കൊടി പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടം. കാവിലുംപാറ ഗ്രാമ പഞ്ചായത്തിലെ മുററത്തു പ്ലാവ്,വട്ടിപ്പന, നാഗമ്പാറ,കായൽ വട്ടം പ്രദേശങ്ങളിൽ വ്യാപകമായ നാശ നഷ്ടങ്ങളുണ്ടായി. കുയ്യ നാട്ടുമ്മൽ ഗീത,പാരത്താൽ ജോൺസൺ,പെരുമ്പള്ളിൽ ദേവസ്യ, ആനക്കുഴിയിൽ സുരേന്ദ്രൻതുടങ്ങിയവരുടെ വീടുകൾ തകരുകയും വ്യാപകമായ കൃഷി നാശവുമുണ്ടായി. മരുതോങ്കര അടുക്കത്ത് മുപ്പറ്റ കുഴിപോക്കറ്റിന്റെ കിണർ ഇടിഞ്ഞ് താഴുകയും അടുക്കള ചുമരിന്ന് വിള്ളൽ വീണു. കുന്നുമ്മൽ, തൊട്ടിൽ പാലം സെക്ഷനുകളിലെ നൂറുകണക്കിന്ന് വൈദ്യുതി ലൈനുകൾ താറുമാറായതിനെ തുടർന്ന് വൈദ്യുതി വിച്ഛേദിക്കപ്പെടുകയായിരുന്നു.പല ഭാഗങ്ങളിലും വൈദുതി ജീവനക്കാരും നാട്ടുകാരും ചേർന്ന് പുന:സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്.

പേരാമ്പ്ര മുയിപ്പോത്ത് കല്ലുംപുറത്ത് മരങ്ങൾ വീണു ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞു. പതിനാലാം വാർഡ് തവരാത്ത് കുന്നിൽ പന മുറിഞ്ഞ് ഇലക്ട്രിക് പോസ്റ്റിൽ വീണു .ഉടൻ ദുരന്തനിവാരണ സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് മരങ്ങൾ മുറിച്ച് മാറ്റി.മേപ്പയ്യൂർ മഠത്തും ഭാഗം വകയാട്ടില്ലത്ത് ഈശ്വരൻ നമ്പൂതിരിയുടെ വീടിനു മുകളിൽ തെങ്ങുമുറിഞ്ഞു വീണ് മേൽക്കൂര പൂർണമായി തകർന്നു.4 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു .കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മേഖലയിൽ ശക്തമായ മഴയും കാറ്റും തുടരുകയാണ് .വൈകീട്ടോടെയാണ് ശക്തി പ്രാപിക്കുന്നത് .പന്തിരിക്കര, കിഴക്കൻ പേരാമ്പ്ര എന്നിവിടങ്ങളിൽ മഴയും കാറ്റും ശക്തമായിരുന്നു .മേഖലയിലെ കപ്പ, വാഴ, തുടങ്ങിയ കൃഷിയിനങ്ങളും നശിച്ചു .