മുക്കം: വീട്ടിൽ അതിക്രമിച്ചു കയറി വിധവയായ വീട്ടമ്മയെ പീഡിപ്പിച്ച പ്രതിയെ കോവളത്തു നിന്ന് മുക്കം പൊലീസ് പിടികൂടി. മണാശ്ശേരി മൂത്തേടത്ത് പൂമംഗലത്ത് വീട്ടിൽ സജീവ് കുമാർ (62) ആണ് പിടിയിലായത്. സംഭവത്തിന് ശേഷം പ്രതി ഒളിവിൽ കഴിയുകയായിരുന്നു. കഴിഞ്ഞ മാസം മുപ്പതിനാണ് പൊലീസ് സ്റ്റേഷന് സമീപം മകനോടൊപ്പം താമസിക്കുന്ന വീട്ടമ്മ പീഡനത്തിന് ഇരയായത്. പൊലീസിൽ പരാതി നൽകിയിട്ടും പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ചും ധർണയും സംഘടിപ്പിച്ചിരുന്നു. തുടർന്ന് താമരശ്ശേരി ഡിവൈ.എസ്.പിയുടെ നിർദേശപ്രകാരം മുക്കം ഇൻസ്‌പെക്ടർ കെ.പി അഭിലാഷിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം തമിഴ്നാട്ടിലെ ഗൂഡല്ലൂർ, കർണാടകയിലെ ഗുണ്ടൽപേട്ട് എന്നിവിടങ്ങളിലടക്കം തിരച്ചിൽ നടത്തിയിരുന്നു. വ്യാഴാഴ്ച പുലർച്ചെയാണ് കോവളത്തെ സ്വകാര്യ റിസോർട്ടിൽ നിന്ന് കോവളം പൊലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്.