കോഴിക്കോട്: ഇടതുമുന്നണി സർക്കാർ നൂറു ദിവസം പൂർത്തീകരിക്കുമ്പോഴേക്കും 12,000 പേർക്ക് പട്ടയം കൊടുത്തിരിക്കുമെന്ന് റവന്യു മന്ത്രി കെ.രാജൻ വ്യക്തമാക്കി. 1. 53 ലക്ഷം പട്ടയം വിതരണം ചെയ്തിരുന്നു കഴിഞ്ഞ സർക്കാർ. ഇത് ഇരട്ടിയാക്കുകയാണ് ലക്ഷ്യം. കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ 'മീറ്റ് ദി പ്രസ് " പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എല്ലാവർക്കും ഭൂമി, എല്ലാവർക്കും രേഖ, എല്ലാ രേഖകളും സ്മാർട്ട് " എന്ന മൂന്ന് മുദ്രാവാക്യങ്ങളിലൂന്നിയാണ് റവന്യൂ വകുപ്പ് മുന്നോട്ട് നീങ്ങുന്നത്. അനധികൃതമായി കൈയേറിയ ഭൂമി എതു ഉന്നതനിൽ നിന്നായാലും തിരിച്ചുപിടിക്കും. വ്യവസ്ഥകൾ പാലിച്ച് പരമാവധി പേർക്ക് സ്പെഷ്യൽ ഡ്രൈവിലൂടെ പട്ടയങ്ങൾ ഉറപ്പാക്കും. ലാൻഡ് ട്രിബ്യൂണലുകളിൽ കെട്ടിക്കിടക്കുന്ന കേസുകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനൊപ്പം കൂടുതൽ മിച്ചഭൂമി എറ്റെടുക്കാനുള്ള നടപടികൾക്ക് തുടക്കമിടുകയും ചെയ്യും.
ഹാരിസൺ മലയാളം ഉൾപ്പെടെ അനധികൃതമായി സർക്കാർ ഭൂമി കൈവശം വെച്ചതായി സർക്കാർ കണ്ടെത്തിയ 49 കേസുകളിൽ സിവിൽ കോടതിയിൽ വിചാരണ നടപടി വേഗത്തിലാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനായി ലോ ഓഫീസർമാരെ പ്രത്യേകം ചുമതലപ്പെടുത്തിയിരിക്കുകയാണ്. സർക്കാരിന്റെ ഒരു സെന്റ് ഭൂമി പോലും അന്യാധീനപ്പെടാൻ അനുവദിക്കില്ല.
സംസ്ഥാനത്ത് ‘കോർസ് ’ സാങ്കേതിക സംവിധാനമടക്കം ഉപയോഗിച്ച് ഭൂമിയുടെ ഡിജിറ്റൽ റീ സർവേ വേഗത്തിൽ പൂർത്തീകരിക്കും. സർവേയ്ക്ക് ഡ്രോൺ പരീക്ഷിക്കുന്നതു പരിഗണനയിലാണ്. ഭൂമി സംബന്ധമായ രേഖകൾ കൃത്യമായി സൂക്ഷിക്കാവുന്ന തരത്തിൽ സംയോജിത ഭൂസേവന പോർട്ടൽ നടപ്പാക്കും. സംസ്ഥാനത്ത് ഏകീകൃത തണ്ടപ്പേരിനായി നടപടി ആരംഭിച്ചിട്ടുമുണ്ട്.
മുഴുവൻ വില്ലേജ് ഓഫീസുകളെയും സമ്പൂർണമായി സ്‌മാർട്ടാക്കുകയാണ് ലക്ഷ്യം. റവന്യു സെക്രട്ടേറിയേറ്റിന്റെ പ്രവർത്തനം നല്ല രീതിയിൽ മുന്നോട്ടുപോകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി. ബാലൻ, പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ്ഖാൻ, സെക്രട്ടറി പി.എസ്. രാഗേഷ് എന്നിവരും സംബന്ധിച്ചു.