കോഴിക്കോട്: കൊവിഡിന്റെ വരവോടെ ഇരുന്ന നേരമില്ല ആശാവർക്കർമാരുടെ ജീവിതത്തിൽ. വീടും വീട്ടുകാരെയും വിട്ട് രാവിലെ ഇറങ്ങിയാൽ തിരിച്ചെത്തുന്നത് ഇരുട്ടിയാൽ. ഇങ്ങനെയൊക്കെ ഓടിയാലും കിട്ടുന്ന ഓണറേറിയം കേട്ടാലാണ് ഇവരെ കുറിച്ച് സങ്കടം തോന്നുക. ഒരു ജൂനിയർ ഹെൽത്ത് നഴ്സിന്റെ അത്രയോ ചില നേരങ്ങളിൽ അതിലധികമോ സേവനം ചെയ്യുന്ന ഇവർക്ക് മാസത്തിൽ ലഭിക്കുന്നത് 6000 രൂപയാണ്. കൊവിഡ് സേവനം പരിഗണിച്ച് 1000 രൂപ അധികം കിട്ടും. സ്വന്തമായി വാഹനം പോലുമില്ലാത്തവരാണ് പലരും. യാത്രാബത്തയില്ലാത്തതിനാൽ ഈ തുച്ഛമായ വരുമാനത്തിൽ നിന്ന് വേണം അതും കണ്ടെത്താൻ. വേതനം പരിഷ്കരിക്കണമെന്ന ആവശ്യം പലതവണ ഉന്നയിച്ചെങ്കിലും സർക്കാർ കേട്ട ഭാവം നടിച്ചില്ല. 2000ത്തിലധികം പേരുണ്ട് ആശാവർക്കർമാരായി ജില്ലയിൽ. കൊവിഡിന് മുമ്പ് ഫീൽഡ് വർക്കായിരുന്നു . വീടുകളിലെ വൃദ്ധരുടെ കണക്കെടുപ്പ്, മരുന്നു കഴിക്കുന്നവർ എത്ര, ചികിത്സ സ്വകാര്യ ആശുപത്രിയിൽ നിന്നാണെങ്കിൽ സർക്കാർ ആശുപത്രികളിലേക്ക് റഫർ ചെയ്യുക, ഗർഭിണികളുടെ മരുന്നുകൾ, പരിസരശുചിത്വം, മഴക്കാലങ്ങളിലെ കിണർ ക്ലോറിനേഷൻ തുടങ്ങിയവയായിരുന്നു ആശാവർക്കർമാർ ചെയ്യേണ്ടിയിരുന്നത്.
കൊവിഡിന്റെ ഒന്നാംഘട്ടത്തിൽ ബോധവത്ക്കരണം, എസ്.എം.എസ് ( സാനിറ്റേഷൻ, മാസ്ക്, സോഷ്യൽ ഡിസ്റ്റൻസ് ), സമ്പർക്കലിസ്റ്റ് തയ്യാറാക്കൽ, അവരുടെ ക്വാറന്റൈൻ ഉറപ്പുവരുത്തൽ എന്നിവ ആശമാരുടെ ചുമതലകളായിരുന്നു. രണ്ടാംതരംഗമായതോടെ ആശുപത്രികളിൽ രോഗികൾ കൂടിയതിനാൽ ആശാവർക്കർമാരുടെ സേവനം ആശുപത്രികളിലേക്ക് മാറ്റി. ഒ.പികളിലെ നിരക്ക് നിയന്ത്രിക്കലായിരുന്നു പ്രധാന ജോലി. വാക്സിനേഷൻ കേന്ദ്രങ്ങളിലും നിയോഗിച്ചു. ക്വാറന്റൈനിൽ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി അന്വേഷിക്കുക. വിറ്റാമിൻ ഗുളികകളും പാരസെറ്റമോളും വിതരണം ചെയ്യുക, ആവശ്യമെങ്കിൽ പൾസ് ഓക്സിമീറ്റർ എത്തിക്കുക, വാക്സിനേഷൻ രജിസ്ട്രേഷൻ, രോഗികളെ ആശുപത്രികളിലേക്ക് റഫർ ചെയ്യൽ തുടങ്ങി നൂറുകൂട്ടം കാര്യങ്ങൾ ആശമാരുടെ ഉത്തരവാദിത്വമായി. മഴക്കാലം വന്നതോടെ ഇനി ആ വഴിക്കും ഓടണം. വീടുകളിലെ ശുചിത്വം,
മഴക്കാല സാംക്രമിക രോഗങ്ങൾ പടരാതിരിക്കാനുളള ബോധവത്കരണം. കിണർ ക്ലോറിനേഷൻ തുടങ്ങി പലതരം കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടാകും.
ആരാണ് ആശ
ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയുടെ ഭാഗമായി ഓരോ വില്ലേജുകളിലും സ്വതന്ത്രമായി നിയമിക്കപ്പെടുന്ന അംഗീകൃത സാമൂഹിക ആരോഗ്യപ്രവർത്തകരാണ് ആശാവർക്കർമാർ. സർക്കാരിന്റെ ആരോഗ്യ സംവിധാനത്തിൽ ഡോക്ടർമാരും ആശുപത്രി ജീവനക്കാരുമായുള്ള ജനങ്ങളുടെ ബന്ധത്തിൽ കണ്ണിയാവുക എന്നതാണ് ഇവരുടെ ലക്ഷ്യം.
പകൽ നേരങ്ങളിലെ ഡ്യൂട്ടിയെല്ലാം കഴിഞ്ഞ് വീട്ടിലെത്തിയാലും വിശ്രമിക്കാൻ കഴിയില്ല. നിരീക്ഷണത്തിൽ ഇരിക്കുന്നവരെയും ഐസൊലേഷനിൽ കഴിയുന്നവരെയും വീടുകളിൽ വിളിച്ച് വിവരങ്ങൾ ശേഖരിക്കണം. മഴക്കാലമായതോടെ നൂറുകൂട്ടം കാര്യങ്ങൾ വേറെയുമുണ്ട്. ഷീബ സി.വി, ആശാവർക്കർ, ബേപ്പൂർ