കോഴിക്കോട്: വില്ലേജ് ഓഫീസുകളിലെ അടിസ്ഥാന സൗകര്യങ്ങൾ സ്മാർട്ടാകുന്നതിനൊപ്പം സേവനവും സ്മാർട്ടാകാൻ നടപടി സ്വീകരിക്കുമെന്ന് റവന്യു മന്ത്രി കെ.രാജൻ പറഞ്ഞു. കളക്ട്രേറ്റ് ചേംബറിൽ ചേർന്ന റവന്യു ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, സേവനം സ്മാർട്ടാക്കൽ എന്നിവയാണ് ലക്ഷ്യം. രണ്ടു വർഷം കൊണ്ട് സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കാനാണ് ലക്ഷ്യമിടുന്നത്. നിയമങ്ങൾക്കകത്ത് നിന്ന് പരമാവധി പേർക്ക് പട്ടയവും ക്രയവിക്രയ സർട്ടിഫിക്കറ്റും ലഭ്യമാക്കും. പട്ടയത്തിന് അർഹതപ്പെട്ടവർക്കെല്ലാം പട്ടയം നൽകാനുള്ള സംവിധാനമുണ്ടാകും. അനധികൃത ഭൂമി കൈവശം വെക്കുന്നവരിൽ നിന്ന് അത് തിരിച്ചുപിടിക്കും. ഡിജിറ്റൽ സർവേയടക്കമുള്ള പ്രവർത്തനങ്ങളിലൂടെ സർവേ നടപടികൾ എത്രയും പെട്ടന്ന് പൂർത്തിയാക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്. വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് സ്‌പെഷൽ ഡ്രൈവ് നടത്തുന്നതിന് എം.എൽ.എമാരോട് ആവശ്യപ്പെടാൻ തീരുമാനിച്ചിട്ടുണ്ട്. മന്ത്രി പറഞ്ഞു. നികുതി കെട്ടാത്ത വിഭാഗത്തിലുള്ള ഭൂമിയുടെ തരം മാറ്റൽ, സർവേ നടക്കാത്ത വില്ലേജുകൾ എന്നിവ സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ നൽകാൻ മന്ത്രി നിർദ്ദേശിച്ചു. ദേശീയപാത 17 ഭൂമി ഏറ്റെടുക്കൽ സ്പെഷൽ ഡെപ്യൂട്ടി കളക്ടറുടെ കാര്യാലയത്തിന് ആവശ്യമായ ജീവനക്കാരെ അനുവദിക്കുന്നത് പരിഗണിക്കും. സിവിൽ സ്റ്റേഷൻ നവീകരണം സംബന്ധിച്ചുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിയതായി ജില്ലാ കളക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. മാതൃകാ സിവിൽ സ്റ്റേഷനാക്കി മാറ്റുന്നതിന്റെ ഭാഗമായി പുതിയ കെട്ടിടം നിർമ്മിക്കാൻ 10 കോടിയും മറ്റ് നവീകരണങ്ങൾക്കായി 16 കോടിയുടെയും എസ്റ്റിമേറ്റാണ് തയ്യാറാക്കിയത്. ഇത് സമർപ്പിക്കുന്ന മുറക്ക് ആവശ്യമായ നടപടി സ്വീകരിക്കാമെന്നും മന്ത്രി പറഞ്ഞു. സബ് കളക്ടർ ചെൽസ സിനി, ഡെപ്യൂട്ടി കളക്ടർമാർ, തഹസിൽദാർമാർ, സർവേ വിഭാഗം മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, സേവനം സ്മാർട്ടാക്കൽ പ്രധാന ലക്ഷ്യം
നിയമങ്ങൾക്കകത്ത് നിന്ന് പരമാവധി പേർക്ക് പട്ടയവും ക്രയവിക്രയ സർട്ടിഫിക്കറ്റും ലഭ്യമാക്കും.