കുന്ദമംഗലം: വയനാട് റോഡിൽ മുറിയനാലിൽ കാർ ഓട്ടോറിക്ഷയിടിച്ച് ഓട്ടോ ഡ്രൈവർ മാത്തോട്ടത്തെ നാലകത്ത് അഹമ്മദ് കോയ (60) മരിച്ചു. ഇന്നലെ രാവിലെ 8.50 നായിരുന്നു അപകടം. കാറിലുണ്ടായിരുന്നവർക്കും പരിക്കുണ്ട്.
കൊടുവള്ളി ഭാഗത്തേക്ക് പോവുകയായിരുന്നു ഓട്ടോറിക്ഷ. അമിതവേഗതയിലെത്തിയ കാർ ഓട്ടോറിക്ഷയിൽ ഇടിക്കുകയാണുണ്ടായത്. കാറിനു പിറകിൽ കണ്ടെയ്‌നർ ലോറിയും വന്നിടിച്ചു.
ഗുരുതരമായി പരിക്കേറ്റ അഹമ്മദ് കോയയെ നാട്ടുകാർ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റംലയാണ് ഭാര്യ. മകൾ: റംസീന. മരുമകൻ: അഫ്സൽ.