smstreet
ലോ​ക്ക്ഡൗ​ൺ​ ​ഇ​ള​വു​ക​ൾ​ ​ന​ൽ​കി​യ​ ​ഇ​ന്ന​ലെ​ ​കോ​ഴി​ക്കോ​ട് ​മി​ഠാ​യി​ ​തെ​രു​വി​ൽ​ ​അ​നു​ഭ​വ​പ്പെ​ട്ട​ ​ തി​ര​ക്ക്. ഫോട്ടോ :എ.​ ​ആ​ർ.​സി.​ ​അ​രുൺ

കോഴിക്കോട്: വെള്ളിയാഴ്ചയിലെ ഇളവിൽ ജനം വാഹനവുമായി എത്തിയതോടെ വീർപ്പുമുട്ടി കോഴിക്കോട് നഗരം. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ അനുഭവപ്പെട്ട ജനത്തിരക്കും ഗതാഗതക്കുരുക്കും രാത്രി ഒമ്പത് മണി വരെ തുടർന്നു.

പെരുന്നാൾ ആഘോഷത്തിനായി വസ്ത്രങ്ങളും മറ്റു സാധനങ്ങളും വാങ്ങാൻ ആളുകൾ കൂട്ടത്തോടെ എത്തിയതാണ് ഗതാഗതക്കുരുക്കിന് കാരണമായത്. ശനിയും ഞായറും അവധിയായതിൽ പ്രവൃത്തി ദിനമായ വെള്ളിയാഴ്ച ജനം കടകളിൽ ഇരച്ചെത്തുകയായിരുന്നു. കൊവിഡ് മാനദണ്ഡം പാലിച്ച് കടകളിൽ പ്രവേശനം നിയന്ത്രിച്ചിരുന്നെങ്കിലും പല കടകൾക്കു മുന്നിലും ജനം കൂടി നിൽക്കുന്ന കാഴ്ചയായിരുന്നു.

പൊതുഗതാഗതം കുറവായതിനാൽ കാറിലും ബൈക്കിലുമെത്തിയ പലരും പാർക്കിംഗ് സൗകര്യം ലഭിക്കാതെ വട്ടം കറങ്ങി. ചിലരാകട്ടെ ഗതാഗത തടസം ഉണ്ടാക്കും വിധം പാർക്ക് ചെയ്യുകയും ചെയ്തു.

ഇന്നലെ സംസ്ഥാനത്ത് ഏറ്റവും കുടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ല കോഴിക്കോടാണ്. രോഗം മറന്നുളള ജനങ്ങളുടെ കൂടിച്ചേരൽ കാര്യം കൈവിട്ടുപോകുമോയെന്ന ആശങ്ക ഉയർത്തുന്നുണ്ട്.