മുക്കം: സ്ത്രീകളുടെ മുന്നിൽ നഗ്നത പ്രദർശിപ്പിക്കുകയും ലൈംഗികാതിക്രമം കാട്ടുകയും ചെയ്യുന്ന യുവാവിനെ പൊലീസ് പിടികൂടി. പുത്തൂർ നാഗാളികാവ് സ്വദേശി ജലീലിനെ(33)യാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. വഴി ചോദിക്കാനെന്ന ഭാവത്തിൽ സ്ത്രീകളുടെ അടുത്ത് വാഹനം നിർത്തി കയറിപ്പിടിക്കുകയും നഗ്നത പ്രദർശിപ്പിക്കുകയുമാണ് യുവാവിന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു. അതിക്രമത്തിന് ഇരയായ സ്ത്രീകൾ നൽകിയ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് ഇയാളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പരസ്യപ്പെടുത്തിയിരുന്നു. മുക്കത്തും പരിസരത്തുമുള്ള സി.സി.ടി.വി കാമറകളും പരിശോധിച്ചു. ഇതിനിടെയാണ് നായർകുഴി ഏരിമലയ്ക്ക് സമീപം സംശയാസ്പദമായി കണ്ട യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചത്. വാഹനം തിരിച്ചറിയാതിരിക്കാൻ സ്കൂട്ടറിന് പിന്നിലെ നമ്പർ പ്ലേറ്റ് ഊരി മാറ്റിയാണ് ഇയാൾ സഞ്ചരിച്ചിരുന്നത്. ഏഴു മാസം മുമ്പാണ് ഇയാൾ വിദേശത്ത് നിന്ന് നാട്ടിൽ തിരിച്ചെത്തിയത്.