1
കൊച്ചുമക്കളോടൊപ്പം കലിയനെ വിളിക്കൽ ചടങ്ങ് ഒരുക്കുന്ന ഇരിങ്ങൽ പോരടി വീട്ടിൽ സരോജിനി അമ്മ

പയ്യോളി: അമ്മയും മുത്തശ്ശിയും തുടങ്ങിവെച്ച കലിയനെ വിളിക്കൽ സരോജിനി അമ്മയും നീട്ടി ഉരുവിട്ടു, എഴുപത്തിയാറാം വയസിലും. ഏറ്റുചൊല്ലാൻ കൂടെ നിന്ന് ഇളംതലമുറയും. സഹോദരന്റെ മക്കളെയും കൊച്ചുമക്കളെയും പങ്കെടുപ്പിച്ച് ഇരിങ്ങൽ പോരടി വീട്ടിൽ സരോജിനി 'അമ്മ "കലിയാ...കലിയാ കൂയ്... ചക്കേം മാങ്ങേം കൊണ്ടൊട്ടൂടോ ...ആളെയും അടിയാളേം,പൊന്നും വിത്തും,പത്തായോം ,ഇവിടെ കൊണ്ടൊട്ടൂടോ ..കുഞ്ഞും കുട്ടിയും,കുടിയും കുടുംബോം കൊണ്ടൊട്ടൂടോ ......എന്ന് നീട്ടി ചൊല്ലിയപ്പോൾ കൊച്ചുമക്കൾ ഏറ്രുപിടിച്ചത് തലമുറകളുടെ കൈമാറ്റം കൂടിയായിരുന്നു. ചക്കയും മാങ്ങയും മറ്റു കാർഷിക വിളകളും ഇനിയും വിലയട്ടെ എന്നും സമൃദ്ധിക്കായി വിത്തും സ്വർണ്ണവും ഇനിയും ഉണ്ടാവണമെന്നും ആളുകളും കുഞ്ഞുങ്ങളും കുടുംബവും എല്ലാം അടങ്ങുന്ന സമൃദ്ധി ഇനിയും വന്നു ചേരണേ എന്നതുമായിരുന്നു ആ വിളിയുടെ സാരം. കൊവിഡ് കാല ദുരിതങ്ങൾ മാറാൻ ഇത്തരം ആചാരങ്ങൾ ശ്രദ്ധിക്കപ്പെടേണ്ടതാണെന്ന് സരോജിനി അമ്മ പറയുന്നു. വാഴപോള കൊണ്ട് നിർമിച്ച ഏണി, ആല, കൂട, ഇല കൊണ്ട് നിർമിച്ച മൂരി, പശു എന്നിവയ്ക്കൊപ്പം ചൂട്ട് കത്തിച്ചാണ് കലിയനെ വിളിക്കൽ. കൂട്ടത്തിൽ ഇലയിൽ ഭസ്മം, തുളസി, ചന്ദനം, കിണ്ടിയിൽ വെള്ളം എന്നിവയുമുണ്ടാകും.