മുക്കം: ഒരു പഞ്ചായത്തിൽ ഒരു വിനോദസഞ്ചാരകേന്ദ്രം വികസിപ്പിക്കുക എന്ന സംസ്ഥാന സർക്കാർ ആശയത്തിന്റെ അടിസ്ഥാനത്തിൽ തിരുവമ്പാടി മണ്ഡലത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ വികസിപ്പിക്കാൻ പദ്ധതി. മണ്ഡലത്തിൽ ഓരോ പഞ്ചായത്തിലും ഓരോ വിനോദസഞ്ചാരകേന്ദ്രങ്ങൾ തിരഞ്ഞെടുത്ത് വിശദ പദ്ധതി തയ്യാറാക്കി സർക്കാരിനു സമർപിക്കും. ലിന്റോ ജോസഫ് എം എൽ.എ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികളുടെയും ടൂറിസം ഉദ്യോഗസ്ഥരുടെയും യോഗത്തിന്റെതാണ് തീരുമാനം. പുതുപ്പാടി -ചുരം ഒമ്പതാം വളവ് വ്യൂ പോയിന്റ്, കോടഞ്ചേരി - മേലേ മരുതി ലാവ്,തിരുവമ്പാടി -പതങ്കയം, കൂടരഞ്ഞി -കക്കാടംപൊയിൽ, കാരശ്ശേരി- ഇരുവഞ്ഞി പുഴ മുക്കം കടവ്, കൊടിയത്തൂർ- ഇരുവഞ്ഞിപുഴ -ചെറുവാടിക്കടവ്,മുക്കം - ഇരുവഞ്ഞിതീരം- തൃക്കുടമണ്ണ, ചുരം- തുഷാരഗിരി- അരിപ്പാറ- കക്കാടംപൊയിൽ- നിലമ്പൂർ ടൂറിസം കോറിഡോർ ആയി പ്രഖ്യാപിക്കാനും തിരുവമ്പാടിയിൽ കുടിയേറ്റ സ്മാരകം നിർമ്മിക്കാനും ഇരുവഞ്ഞി പുഴയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി ജല ടൂറിസം പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ ആവിഷ്കരിക്കാനുമാണ് തീരുമാനം. മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു,പഞ്ചായത്ത് പ്രസിഡന്റുമാരായ അലക്സ് തോമസ്,മേരി തങ്കച്ചൻ,ഷംലൂലത്ത്,വി. പി.സ്മിത, മെഴ്‌സി പുളിക്കാട്ട്, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി സി.പി.ബീന എന്നിവർ സംബന്ധിച്ചു.