കുന്ദമംഗലം: ദേശീയ വിദ്യാഭ്യാസം നയം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, വിദ്യാഭ്യാസമേഖലയിലെ കേന്ദ്ര വിഹിതം വർദ്ധിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കെ.എസ്.ടി.എ. 29 ന് അദ്ധ്യാപകപ്രക്ഷോഭം സംഘടിപ്പിക്കും.പ്രക്ഷോഭത്തിന്റെ ഭാഗമായി ജൂലായ് 29 ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു മുന്നിലും പ്രാദേശിക കേന്ദ്രങ്ങളിലും കൊവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് അദ്ധ്യാപകർ ധർണ നടത്താൻ ജില്ലാ കൺവൻഷൻ തീരുമാനിച്ചു. പ്രൈമറി പ്രധാനാദ്ധ്യാപക നിയമനം വേഗത്തിലാക്കുക, മെഡിസെപ്പ് പദ്ധതി പ്രാബല്യത്തിലാക്കുക എന്നീ പ്രമേയങ്ങളും കൺവൻഷൻ മുന്നോട്ടുവെച്ചു.കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് എ. നജീബ് ഓൺലൈനായി നടന്ന കൺവൻഷൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സി. അംഗങ്ങളായ വി.പി.രാജീവൻ ,പി എസ് സ്മിജ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ സി.സതീശൻ ,കെ.എൻ സജീഷ് നാരായൺ, കെ.ഷാജിമ എന്നിവർ സംസാരിച്ചു. എൻ. സന്തോഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ബി. മധു സ്വാഗതവും എം ഷീജ നന്ദിയും പറഞ്ഞു.