sani

 നാലു മാസമായി നിർമ്മാണമില്ല

 കഴിഞ്ഞ വർഷം 1 കോടിയുടെ വില്പന

കോഴിക്കോട്: ആവശ്യക്കാർ വേണ്ടുവോളമുണ്ട് കേരള സോപ്‌സ് ആൻഡ് ഓയിൽസിന്റെ സാനിറ്റൈസറിന്. അസംസ്കൃതവസ്തുവായ സ്പിരിറ്റ് സ്റ്റോക്കുമുണ്ട്. പക്ഷേ, ലൈസൻസ് പ്രശ്നത്തിൽ കുടുങ്ങി നിർമ്മാണം പുന:രാരംഭിക്കാനാവാതെ അനിശ്ചിതത്വം നീളുമ്പോൾ സ്ഥാപനത്തിന് നഷ്ടക്കണക്ക് കൂടുകയാണ്.

കഴിഞ്ഞ നാലു മാസത്തോളമായി സാനിറ്റൈസർ പ്രൊഡക്‌ഷൻ യൂണിറ്റ് അടച്ചിട്ട നിലയിലാണ്. ഒരു വർഷത്തെ താത്കാലിക ലെെസൻസുമായി 2020 മാർച്ചിലാണ് കേരള സോപ്സിൽ സാനിന്റെസർ നിർമ്മാണം തുടങ്ങിയത്. ഫെബ്രുവരിയിൽ കാലാവധി കഴിയുമ്പോഴേക്കു തന്നെ ലെെസൻസ് പുതുക്കിക്കിട്ടാൻ എക്സെെസ് വകുപ്പിനെ സമീപിച്ചതായിരുന്നു. താത്കാലിക ലെെസൻസ് പുതുക്കി നൽകാൻ വകുപ്പില്ലെന്നും പകരം പെർമനന്റ് ലെെസൻസ് എടുക്കണമെന്നുമായി എക്സൈസ് ഉദ്യോഗസ്ഥർ. സ്ഥിരം ലൈസൻസിന് സമീപിച്ചപ്പോൾ തീരാത്ത മുടന്തൻ ന്യായങ്ങളുമായി. പ്രശ്നം ഇനിയും പരിഹരിക്കാൻ മാനേജ്മെന്റിനായിട്ടില്ല.

സ്പിരിറ്റ് ഏതാണ്ട് അയ്യായിരം ലിറ്റർ കാലിക്കറ്റ് എയർപോർട്ടിലെ കാർഗോ കോംപ്ലക്‌സിൽ വന്ന പോലെ കിടപ്പുണ്ട്. നിർമ്മാണ യൂണിറ്റിന്റെ പ്രവർത്തനം നിലച്ചതോടെ 6 താത്കാലിക ജീവനക്കാർക്ക് പണിയുമില്ലാതായി.

പതിവു സോപ്പ് ഉത്പന്നങ്ങൾക്ക് പുറമേ കെ.എസ്.ഒ സാനിറ്റൈസർ, ഹാൻഡ് വാഷ് എന്നിവയുടെ നിർമ്മാണം ആരംഭിച്ചപ്പോൾ മികച്ച പ്രതികരണമായിരുന്നു വിപണിയിൽ. ഒരു ലക്ഷം ലിറ്ററിന്റെ സാനിറ്റെസർ‌ വില്പനയിലൂടെ ഇതിനകം ഒരു കോടിയിൽപരം രൂപയുടെ വരവുണ്ടാക്കാൻ കഴിഞ്ഞു. 100 എം.എൽ, 200 എം.എൽ, 5 ലിറ്റർ കാൻ എന്നീ അളവുകളിലാണ് സാനിറ്റസർ വിറ്റു പോന്നത്. സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾക്കെന്ന പോലെ പൊതുവിപണിയിലും നല്ല ഡിമാൻഡുണ്ടായിരുന്നു കെ.എസ്.ഒ സാനിറ്റൈസറിന്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് ജില്ലയിലെ പോളിംഗ് ബൂത്തുകളിൽ എല്ലായിടത്തേക്കും കെ.എസ്.ഒ സാനിറ്റെസറാണ് എത്തിച്ചത്.

ഏറെ വിപണനസാദ്ധ്യതയുണ്ടായിട്ടും ലൈസൻസ് സമ്പാദിക്കാൻ ഫലപ്രദമായ ഇടപെടലുണ്ടാകുന്നില്ലെന്ന ആക്ഷേപമുണ്ട് കെ എസ് ഐ ഇ എംപ്ലോയീസ് ഓർഗനൈസേഷന്. നിർമ്മാണം ഇനിയും വൈകാതെ പുന:രാരംഭിക്കാൻ മാനേജ്‌മെന്റ് തയ്യാറാകണമെന്ന ആവശ്യമുയ‌ർത്തുകയാണ് സംഘടന.

''സർക്കാർ തലത്തിലുള്ള ഇടപെടലുണ്ടായാൽ തന്നെ പ്രശ്നം തീരും. സാനിറ്റൈസർ നിർമ്മാണം പുന:രാരംഭിക്കാനുമാവും. വകുപ്പ് മന്ത്രിയ്ക്ക് നിവേദനം നൽകിയിട്ടുണ്ട്.

കെ.ടി.കെ ഹമീദ്,

സംസ്ഥാന ജനറൽ സെക്രട്ടറി,

കെ എസ് ഐ ഇ ഇ ഒ